കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ ജനവിരുദ്ധമെന്നാരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് തിങ്കളാഴ്ച പുതുക്കാട് നിയോജക മണ്ഡലതല സ്വീകരണം നല്‍കുമെന്ന് സംഘാടകര്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
രാവിലെ 10ന് നന്തിക്കരയിലാണ് സ്വീകരണം ഒരുക്കുന്നത്. രാവിലെ 9 മണിക്ക് സ്വീകരണ കേന്ദ്രത്തില്‍ കലാസംഘത്തിന്റെ അവതരണം നടക്കും. ജാഥാ മാനേജര്‍ പി.കെ. ബിജു, സി.എസ്. സുജാത, എം. സ്വരാജ്, കെ.ടി. ജലീല്‍, ജെയ്ക് സി. തോമാസ് എന്നിവര്‍ സന്നിഹിതരായിരിക്കും. വാദ്യമേളങ്ങളുടേയും പരമ്പരാഗത കലാരൂപങ്ങളുടേയും അകമ്പടിയോടെയായിരിക്കും ജാഥയെ സ്വീകരിക്കുകയെന്ന് സംഘാടകര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ ടി.എ. രാമകൃഷ്ണന്, പി.കെ. ശിവരാമന്, ഇ.കെ. അനൂപ്, എന്‍.എന്‍. ദിവാകരന് എന്നിവര്‍ പങ്കെടുത്തു