പീലിക്കാവടികളും പൂക്കാവടികളും തലയെടുപ്പുള്ള ഗജവീരന്മാരും വാദ്യമേളങ്ങളും ഒത്തുചേര്‍ന്നൊരുക്കിയ വര്‍ണോല്‍സവത്തില്‍ പങ്കാളികളാകാന്‍ ആയിരങ്ങളാണ് ബുധനാഴ്ച ചെമ്പുച്ചിറയിലെത്തിയത്. പുലര്‍ച്ചെ മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. രാവിലെ പൂരം എഴുന്നള്ളിപ്പും തുടര്‍ന്ന് കാവടിയാട്ടവും ഉണ്ടായി. പത്തുസെറ്റ് കാവടികള്‍ ഒന്നിച്ചുചേര്‍ന്ന് നടത്തിയ കൂടിയാട്ടം കാണാന്‍ കത്തുന്ന വേനല്‍ചൂടിനെ അവഗണിച്ചും നൂറുകണക്കിനാളുകള്‍ എത്തി. ഉച്ചകഴിഞ്ഞ് നടന്ന കാഴ്ച ശീവേലിയില്‍ 18 ആനകള്‍ അണിനിരന്നു. കാഴ്ച ശീവേലിയുടെ ഭാഗമായി ഒന്നര മണിക്കൂറോളം നീണ്ട കുടമാറ്റവും ഉണ്ടായി. പൂരത്തിലെ പ്രധാന പങ്കാളികളായ ചെമ്പുച്ചിറ, നൂലുവള്ളി ദേശങ്ങള്‍ ഒമ്പതു വീതം ഗജവീരന്മാരെ അഭിമുഖമായി അണിനിരത്തിയാണ് തൃശൂര്‍ പൂരം മാതൃകയില്‍ വര്‍ണക്കുടകള്‍ മാറ്റി മാറ്റി പൂരപ്രേമികളെ വിസ്്മയിപ്പിച്ചത്. നൂലുവള്ളി ദേശത്തിന്റെ പഞ്ചവാദ്യത്തിനും മേളത്തിനും ചേന്ദമംഗലം രഘുമാരാരും ചെമ്പുചിറ ദേശത്തിന്റെ മേളത്തിന് ചെറുശേരി കുട്ടന്‍മാരാരും പഞ്ചവാദ്യത്തിന് ചെറുശേരി ശ്രീകുമാറും പ്രാമാണികത്വം വഹിച്ചു. ക്ഷേത്രചടങ്ങുകള്‍ക്ക് തന്ത്രി കാരുമാത്ര ടി.എസ്. വിജയന്‍, മേല്‍ശാന്തി സലേഷ്‌കുമാര്‍ ,കീഴ്ശാന്തി പി.ജി.വിഷ്ണു എന്നിവര്‍ കാര്‍മികരായി. ഉല്‍സവത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ പള്ളിവേട്ട നടക്കും. വെള്ളിയാഴ്ച രാവിലെ ചെട്ടിച്ചാല്‍ ഗംഗോത്രി കടവില്‍ നടക്കുന്ന ആറാട്ടോടെ ഉത്സവചടങ്ങുകള്‍ക്ക് സമാപനമാകും.
ചെമ്പുച്ചിറ മഹാദേവ ക്ഷേത്രത്തില്‍ നടന്ന പൂരം കാവടി മഹോത്സവം അവിസ്മരണീയമായി
