അസുഖം മാറാന്‍ വേണ്ടിയാണ് സാധാരണ രോഗികള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്താറുള്ളതെങ്കില്‍ മുപ്ലിയം ഉപ്പുഴി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വന്നാല്‍ രോഗമില്ലാത്തവര്‍ പോലും രോഗികളായി തിരിച്ചു പോകുന്ന അവസ്ഥയാണ്.
ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഉള്‍ഭാഗം പൊടിപിടിച്ച കിടക്കുകയാണെന്ന് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയ മുപ്ലിയം സ്വദേശി കെ.ജി. രവീന്ദ്രനാഥ് പറഞ്ഞു. അണുനാശിനി ഉപയോഗിച്ച് നിലം തുടയ്ക്കാത്തതിനാല്‍ അഴുക്ക് കട്ടപിടിച്ചു കിടക്കുന്നുവെന്നും രോഗികള്‍ക്ക് ഒപി ടിക്കറ്റ് കൊടുക്കുന്ന സ്ഥലവും രോഗികള്‍ ഇരിക്കുന്ന ഇടവും പൊടിയും മാറാലയും നിറഞ്ഞുകിടക്കുകയാണെന്നും അദ്ദേഹം നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നൂറുകണക്കിന് രോഗികളാണ് ദിവസേന ഇവിടെ ചികിത്സ തേടിയെത്തുന്നത് . കൂടാതെ ബുധനാഴ്ചകളില്‍ കുഞ്ഞുങ്ങള്‍ക്കുള്ള പ്രാഥമിക കുത്തിവെപ്പും ഇവിടെ നടക്കുന്നു. ബുധനാഴ്ച ദിവസം നിന്ന് തിരിയാന്‍ പറ്റാത്ത അവസ്ഥയാണ് ഇവിടെ. ആശുപത്രിയും പരിസരവും എന്നും ശുചീകരിക്കുന്നതിന് സ്ഥിരം സംവിധാനം വേണമെന്ന ആവശ്യവും പരാതിക്കാരന്‍ ഉന്നയിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും കെ.ജി. രവീന്ദ്രനാഥ് പരാതി നല്‍കിയിട്ടുണ്ട്.
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട മുപ്ലിയം ഉപ്പുഴി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യം ശക്തമാകുന്നു
