മറ്റത്തൂര്‍ പഞ്ചായത്തിലെ പത്തുകുളങ്ങര, പെരുമ്പിള്ളിച്ചിറ, പുത്തനോളി എന്നിവിടങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ രണ്ടര മാസത്തോളമായി ഇഞ്ചക്കുണ്ടിലെ പ്രധാന വാട്ടര്‍ ടാങ്ക് തകരാര്‍ പരിഹരിക്കുന്നതിന്റെ പേരില്‍ ജലവിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. ഉയര്‍ന്ന പ്രദേശങ്ങളിലാണ് ഒട്ടും വെള്ളമെത്താത്ത അവസ്ഥയുള്ളത്. സമീപത്തെ കിണറുകള്‍ വറ്റിവരണ്ടതും മൂലം വേനല്‍ ശക്തിപ്പെടും മുമ്പേ കുടിവെള്ളം പണം കൊടുത്തു വാങ്ങേണ്ട അവസ്ഥയിലാണ് ഇവിടെയുള്ളവര്‍. കുടിവെള്ളം വിതരണം ചെയ്യുമ്പോള്‍ ആദ്യം ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കഴിഞ്ഞതിനു ശേഷം താഴ്ന്ന സ്ഥലങ്ങളിലേക്ക് വെള്ളം തുറന്നു വിടുന്ന രീതിയില്‍ വാല്‍വ് സമ്പ്രദായം നടപ്പില്‍ വരുത്തിയാല്‍ നിലവിലെ പ്രശ്‌നത്തിന് വലിയൊരളവു വരെ പരിഹാരം കാണാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജല്‍ജീവന്‍ മിഷന്‍ പദ്ധതി വഴി കൂടുതല്‍ കുടിവെള്ള കണക്ഷനുകള്‍ നല്കിയതോടെയാണ് പ്രദേശത്ത് ജലക്ഷാമം രൂക്ഷമായത്. കണക്ഷനുകള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് കൂടുതല്‍ വെള്ളം വിതരണം ചെയ്യാനുള്ള സ്രോതസ്സും കൂടുതല്‍ ശക്തമായ വിതരണ സംവിധാനവും ഒരുക്കേണ്ടത് ആവശ്യമാണെന്നുമാണ് ഇവര്‍ പറയുന്നത്. യാതൊരു മാനദണ്ഡങ്ങളുമില്ലാതെയാണ് പുതിയ കണക്ഷനുകള്‍ നല്കിയതെന്നും നാട്ടുകാര്‍ പറഞ്ഞു.