പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരിനു കീഴിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും വിരമിക്കല്‍ പ്രായം 58ല്‍ നിന്ന് 60 ആക്കി കഴിഞ്ഞ ശനിയാഴ്ചയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് പൊതുമാനദണ്ഡം നിശ്ചയിക്കാന്‍ 2017ല്‍ നിയോഗിച്ച വിദഗ്ദ സമിതിയുടെ ശുപാര്‍ശ കണക്കിലെടുത്തായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഈ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.