nctv news pudukkad

nctv news logo
nctv news logo

ബസ്സ് കിട്ടാൻ ഓട്ടം പഠിക്കണം! പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ യാത്രക്കാരുടെ ദുരിതം തുടരുന്നു

കെ.എസ്.ആർ.ടി.സി ബസ്സിൽ കയറണമെങ്കിൽ ഇപ്പോൾ ഓട്ടം പഠിക്കണം എന്ന അവസ്ഥയിലാണ് പുതുക്കാട് നിവാസികൾ. സ്റ്റാൻഡിലേക്ക് ബസ്സുകൾ കയറാത്തതും, കയറിയാലും കൃത്യമായ വിവരങ്ങൾ ലഭിക്കാത്തതും യാത്രക്കാരെ വട്ടംകറക്കുകയാണ്. ചാലക്കുടി ഭാഗത്തേക്കുള്ള സൂപ്പർ ഫാസ്റ്റ്, പ്രീമിയം ബസ്സുകൾ സ്റ്റാൻഡിൽ കയറണമെന്ന നിയമം നിലനിൽക്കെ, പലതും സ്റ്റാൻഡിന് പുറത്താണ് നിർത്തുന്നത്. ഇതോടെ ബസ്സ് പിടിക്കാൻ യാത്രക്കാർക്ക് ഓടേണ്ടി വരുന്നു. ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളെ എൽ.എസ് 1, എൽ.എസ് 2 എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ടെങ്കിലും, ഏത് ബസ്സ് സ്റ്റാൻഡിൽ കയറുമെന്നോ എവിടെ നിർത്തുമെന്നോ അറിയാൻ യാതൊരുവിധ സംവിധാനമോ ബോർഡുകളോ പുതുക്കാട് ഡിപ്പോയിലില്ല. ദേശീയപാത അതോറിറ്റി കവാടം അടച്ചതിനെത്തുടർന്ന് തൃശ്ശൂർ ഭാഗത്തേക്കുള്ള ബസ്സുകൾ സ്റ്റാൻഡിൽ കയറേണ്ടതില്ല എന്ന സർക്കുലർ പുറത്തിറങ്ങിയിരുന്നു. എന്നാൽ, ചാലക്കുടി ഭാഗത്തേക്കുള്ള ബസ്സുകൾ കൂടി ഈ സർക്കുലറിന്റെ മറവിൽ സ്റ്റാൻഡിൽ കയറാതെ സർവീസ് റോഡിലൂടെ കടന്നുപോകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. സ്റ്റാൻഡിൽ ആവശ്യത്തിന് പാർക്കിംഗ് സൗകര്യങ്ങളോ ഇരിപ്പിടങ്ങളോ ഇല്ല. രാത്രിയായാൽ സ്റ്റാൻഡിന് മുന്നിലെ വെളിച്ചക്കുറവ് വലിയ സുരക്ഷാപ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. തൃശ്ശൂർ ഭാഗത്തേക്ക് പോകാൻ എവിടെ നിന്ന് ബസ്സ് ലഭിക്കുമെന്ന് പോലും അറിയാത്ത അവസ്ഥയാണെന്ന് യാത്രക്കാർ പറയുന്നു. ഹൈവേയിൽ എവിടെ കാത്തിരുന്നാൽ ബസ്സ് ലഭിക്കുമെന്നതിൽ വലിയ അനിശ്ചിതത്വമാണുള്ളത്. സൂപ്പർ ഡീലക്സ്, വോൾവോ ബസ്സുകൾക്ക് പ്രത്യേക സ്റ്റോപ്പുകളും ബോർഡിങ് പോയിന്റുകളും ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥയും, ഹൈവേ അതോറിറ്റിയുടെ തെറ്റായ തീരുമാനങ്ങളും മൂലം കഷ്ടപ്പെടുന്നത് സാധാരണക്കാരായ യാത്രക്കാരാണ്. ബദൽ സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്നും, സ്റ്റാൻഡിന്റെ പ്രവർത്തനം സുഗമമാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നുമാണ് പുതുക്കാട്ടെ ബസ്സ് യാത്രക്കാരുടെ ആവശ്യം.

Leave a Comment

Your email address will not be published. Required fields are marked *