nctv news pudukkad

കടലശ്ശേരി കൊലപാതക കേസ്: കൊച്ചുമകൻ ഗോകുലിന് ജീവപര്യന്തം തടവും 4 ലക്ഷം പിഴയും

കടലശ്ശേരിയിൽ മുത്തശ്ശിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി സ്വർണം കവർന്ന കേസിൽ കൊച്ചുമകന് ജീവപര്യന്തം തടവ്. തറവാട് വീട്ടിൽ തനിച്ച് താമസിച്ചിരുന്ന കൗസല്യയെ കൊലപ്പെടുത്തിയ കേസിൽ കൊച്ചുമകൻ ഗോകുലിനെയാണ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തത്തിന് പുറമെ പന്ത്രണ്ട് വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ കോടതി വിധിച്ചു.

രണ്ട് വർഷം മുൻപ് കേരളത്തെ നടുക്കിയ ക്രൂരമായ കൊലപാതകത്തിലാണ് ഇപ്പോൾ നീതി നടപ്പായിരിക്കുന്നത്. 2022 ഫെബ്രുവരി 25-നായിരുന്നു കേസിനാസ്പദമായ സംഭവം. കടലശ്ശേരി ഊമ്മൻപിള്ളി വീട്ടിൽ കൗസല്യ എന്ന എഴുപത്തിയെട്ടുകാരിയാണ് സ്വന്തം കൊച്ചുമകന്റെ കൈകളാൽ കൊല്ലപ്പെട്ടത്.

മുത്തശ്ശിയുടെ സ്വർണാഭരണങ്ങൾ കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെ വീട്ടിലെത്തിയ ഗോകുൽ, തലയിണ മുഖത്തമർത്തി ശ്വാസംമുട്ടിച്ചാണ് കൗസല്യയെ കൊലപ്പെടുത്തിയത്. ചേർപ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടർ ടി.വി. ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശാസ്ത്രീയമായ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷൻ ഹാജരാക്കിയ 24 സാക്ഷികളെയും 22 തൊണ്ടിമുതലുകളും പരിശോധിച്ച കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ശാസ്ത്രീയ തെളിവുകൾ കേസിൽ നിർണ്ണായകമായി. പിഴത്തുകയായ നാല് ലക്ഷം രൂപ അടച്ചില്ലെങ്കിൽ പ്രതി കൂടുതൽ കാലം തടവ് അനുഭവിക്കേണ്ടി വരും.

Leave a Comment

Your email address will not be published. Required fields are marked *