കുളിക്കുന്നതിനിടെ കുളത്തിലെ വലയിൽ കാൽ കുടുങ്ങി വിദ്യാർത്ഥി മുങ്ങി മരിച്ചു. കല്ലേറ്റുംകര നിപ്മറിലെ ഒന്നാം വർഷ ബി.പി.ഒ വിദ്യാർത്ഥി എം.എസ് അച്ചു ആണ് മരിച്ചത്. ആളൂർ വല്ലക്കുന്നിലെ ചെമ്മീൻ ചാലിന് സമീപമുള്ള കുളത്തിൽ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അപകടം.
നിപ്മറിലെ ബാച്ചിലർ ഓഫ് പ്രോസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ഒന്നാം വർഷ വിദ്യാർത്ഥിയായ തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി അച്ചുവിനാണ് ദാരുണാന്ത്യം സംഭവിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വാടക വീടെടുത്ത് താമസിക്കുകയായിരുന്നു ഇയാൾ. വെള്ളിയാഴ്ച രാത്രി ഏഴരയോടെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ പോയപ്പോഴാണ് അപകടം സംഭവിച്ചത്.
കുളത്തിലേക്ക് വീണ അച്ചുവിന്റെ കാൽ ചെമ്മീൻ ചാലിലെ വലയിൽ കുടുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് നീന്തൽ അറിയാത്തതിനാൽ ഇവർ ഉടൻ തന്നെ നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഇരിങ്ങാലക്കുടയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
തിരുവനന്തപുരം വെങ്ങാനൂർ പെരിങ്ങമല സ്വദേശിയായ പരേതരായ മണിയുടെയും സുനിതയുടെയും മകനാണ് പത്തൊൻപതുകാരനായ അച്ചു. നിലവിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.






