കാലവര്‍ഷം കനിഞ്ഞില്ല. ചിമ്മിനി ഡാമില്‍ നിലവിലെ ജലനിരപ്പ് കഴിഞ്ഞവര്‍ഷത്തേക്കാള്‍ പകുതിയായി കുറഞ്ഞു. മഴ കുറവും ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം കോള്‍ നിലങ്ങളിലേക്ക് ഒഴുക്കേണ്ടി വന്നതുമാണ് ജലനിരപ്പ് കുറയുന്നതിന് കാരണമായത്.
76. 7 0 മീറ്ററാണ് ചിമ്മിനി ഡാമിന്റെ പരമാവധി ജലനിരപ്പ്. റിസര്‍വോയര്‍ ലെവല്‍ 76. 40 മീറ്ററും. വ്യാഴാഴ്ചയിലെ കണക്കനുസരിച്ച് 60. 4 3 മീറ്റര്‍ വെള്ളമാണ് ഡാമില്‍ ഉള്ളത്. ഇത് സംഭരണശേഷിയുടെ 34. 9 1 ശതമാനം മാത്രമാണ്. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് ഡാമിലെ ജലനിരപ്പ് 71.27 മീറ്റര്‍ ആയിരുന്നു. സംഭരണശേഷിയുടെ 75.57 ശതമാനം വെള്ളമാണ് 2025 ജൂലൈ ആദ്യവാരത്തില്‍ ഡാമില്‍ ഉണ്ടായിരുന്നത്. മലയോര മേഖലയിലും വൃഷ്ടിപ്രദേശങ്ങളിലും മഴക്കനത്ത് നീരൊഴുക്ക് കൂടിയാലാണ് ഡാമിലെ ജലനിരപ്പ് ഉയരുകയുള്ളൂ.തിമര്‍ത്തു പെയ്യേണ്ട ജൂണ്‍ മാസത്തില്‍ സംസ്ഥാനത്ത് 34% മഴ കുറവാണ് രേഖപ്പെടുത്തിയത്. ഇനി ജൂലൈ, മാസങ്ങളിലെ മഴയെ ആശ്രയിച്ചിരിക്കും ഡാമിലെ ജലനിരപ്പ്. ജില്ലയില്‍ ജൂണ്‍ ഒന്നു മുതല്‍ 30 വരെ ലഭിക്കേണ്ടിയിരുന്ന മഴ709.1 മില്ലി മീറ്ററാണ്. എന്നാല്‍ പെയ്തതാകട്ടെ 469. 2 രണ്ടു മില്ലിമീറ്റര്‍ മഴ മാത്രം. മഴയുടെ കുറവും വേനല്‍ കാലത്ത് ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം കോള്‍ നിലങ്ങളിലേക്ക് ഒഴുക്കേണ്ടി വന്നതുമാണ് ജലനിരപ്പ് കുറയുന്നതിന് കാരണമായത്.
ഡാമില്‍ ജലനിരപ്പ് ഗണ്യമായി കുറഞ്ഞെ ങ്കിലും കാനന സൗന്ദര്യകാഴ്ചകളുടെ വിരുന്നൊരുക്കി ചിമ്മിനി സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. ചിമ്മിനി ഡാമിന്റെ റിസര്‍വോയര്‍ കാഴ്ച അതിമനോഹരമാണ്. റിസര്‍വോയറിലെ വെള്ളത്തില്‍ കുട്ടവഞ്ചി യാത്രയ്ക്കും സൗകര്യമുണ്ട്. ഔഷധോദ്യാനം, ശലഭോദ്യാനം, നക്ഷത്രവനം, പക്ഷി നിരീക്ഷണം എന്നിവയും ആസ്വദിക്കാം. 4 പേരടങ്ങിയ സംഘത്തിന്റെ കുട്ടവഞ്ചിയാത്രയ്ക്ക് 500 രൂപയാണ് നിരക്ക്. ചിമ്മിനിയില്‍ ഒരു സഞ്ചാരി എത്തിയാല്‍ മൂന്നോ നാലോ മണിക്കൂര്‍ ചെലവഴിക്കാവുന്ന കാഴ്ചകളാണ് ഇപ്പോഴുള്ളത്. ഒരു ദിവസം മുഴുവന്‍ തങ്ങാവുന്ന സ്ഥിതിയില്‍ ചിമ്മിനി ടൂറിസത്തെ മാറ്റാവുന്ന പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ വലിയ പരിശ്രമം പദ്ധതിയ്ക്കായി നടക്കുന്നുണ്ട്. പ്രാഥമിക രൂപരേഖ വനംവകുപ്പ് അംഗീകരിച്ച് ടൂറിസം വകുപ്പിന് കൈമാറി.
പദ്ധതിയ്ക്കായി 5 കോടി രൂപയുടെ ഭരണാനുമതിയ്ക്കാണ് ശ്രമിക്കുന്നത്. ശുചിമുറി സമുച്ചയം, കഫെറ്റീരിയ, ഇക്കോ ഷോപ്പുകള്‍, പൂന്തോട്ടം, കുട്ടികള്‍ക്ക് സാഹസികശൈലിയിലുള്ള പാര്‍ക്ക്, താമസ സൗകര്യങ്ങള്‍, ഔഷധോദ്യാന വിപുലീകരണം തുടങ്ങി സൗകര്യങ്ങള്‍ കൊണ്ടുവരാനാണ് നീക്കം. 3 ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്.






