ചാലക്കുടിയിൽ ഫിനാൻസ് സ്ഥാപനത്തിൽ പണയം വെച്ച സ്വർണം തിരിച്ചെടുക്കാമെന്ന് വിശ്വസിപ്പിച്ച് മുക്കുപണ്ടം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ സംസ്ഥാനവ്യാപക തട്ടിപ്പുകാരൻ പിടിയിൽ. വാടാനപ്പള്ളി സ്വദേശി പുത്തൻവീട്ടിൽ ഇല്യാസ് (40) ആണ് ചാലക്കുടി പൊലീസിന്റെ പിടിയിലായത്.
ഇരുപതോളം തട്ടിപ്പ്, മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ വാടാനപ്പള്ളി സ്റ്റേഷൻ റൗഡി ലിസ്റ്റിലും ഉൾപ്പെട്ടയാളാണെന്ന് പൊലീസ് അറിയിച്ചു. കേരളത്തിലെ വിവിധ ജില്ലകളിലായി ഫിനാൻസ് സ്ഥാപനങ്ങളും ജ്വല്ലറികളും കേന്ദ്രീകരിച്ച് സമാന രീതിയിൽ നിരവധി തട്ടിപ്പുകൾ നടത്തിയതായി അന്വേഷണത്തിൽ വ്യക്തമാകുന്നു.
2026 മാർച്ച് 11-ന് ചാലക്കുടി മുനിസിപ്പൽ ടൗൺഹാൾ പരിസരത്ത് വെച്ചാണ് അവസാനമായി തട്ടിപ്പ് നടന്നത്. ‘ഒലീവിയ ഗ്രാമിൻ ക്രെഡിറ്റ്’ എന്ന സ്ഥാപനത്തിൽ പണയം വെച്ച 28 ഗ്രാം സ്വർണം തിരിച്ചെടുക്കാനെന്ന പേരിൽ 3,21,000 രൂപ ബിനോജ് പോളിൽ നിന്ന് ഇയാൾ കൈപ്പറ്റിയതായി പരാതി ഉണ്ട്. പിന്നീട് സ്വർണത്തിന് പകരം മുക്കുപണ്ടം നൽകിയ ശേഷം പ്രതി മുങ്ങുകയായിരുന്നു.
സംസ്ഥാനവ്യാപകമായി സമാന തട്ടിപ്പുകൾ നടത്തിയതിനാൽ ജ്വല്ലറി-ഫിനാൻസ് ഉടമകൾ തമ്മിൽ രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഇല്യാസിന്റെ വിവരങ്ങൾ പങ്കുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴയിലെ ഒരു ഫിനാൻസ് സ്ഥാപനത്തിൽ എത്തിയപ്പോൾ ഉടമ ഇയാളെ തിരിച്ചറിയുകയും, സുഹൃത്തുക്കളുടെ സഹായത്തോടെ പിടികൂടി പൊലീസിന് കൈമാറുകയും ചെയ്തു.
ചാലക്കുടി, വലപ്പാട്, മാള, തൃശ്ശൂർ ഈസ്റ്റ്, എറണാകുളം, അങ്കമാലി, കുത്തിയതോട് തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിലായി 18 തട്ടിപ്പ് കേസുകളും 2 മോഷണക്കേസുകളും ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ചാലക്കുടി പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ ശശികുമാർ, എസ് ഐ വിശാഖ്, എ എസ് ഐ രജനി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ചാലക്കുടി പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർനടപടികൾ പൂർത്തിയാക്കി ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.






