കോടശേരി: ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുളള കുറ്റിച്ചിറ ചായ്പൻകുഴി റോഡ് 300 മീറ്റർ ദൂരം കുഴിയും ചെളിയും നിറഞ്ഞ് യാത്ര ദുസ്സഹമായി. ബൈക്ക്, ഓട്ടോറിക്ഷ തുടങ്ങിയ ചെറുവാഹനങ്ങൾ ഓടിക്കുന്നവർക്കാണ് ഏറെ കഷ്ടപ്പാട്. കാൽനടക്കാരാണെങ്കിൽ ചെളി തെറിക്കുമോ എന്ന ഭയപ്പാടിലാണ് യാത്ര. ചാലക്കുടിയിൽ നിന്ന് അതിരപ്പിളളിയിലേക്കുളള സമാന്തര പാതയാണിത്.100 ട്രിപ്പ് ബസുകളക്കം ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്. റോഡ് ഗതാഗതയോഗ്യമാക്കുവാൻ നടപടി സ്വീകരിക്കണമെന്ന് ജില്ല പഞ്ചായത്ത് ഭരണസമിതിയോട് പരിയാരം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.എം. ജോസ് ആവശ്യപ്പെട്ടു. ചാലക്കുടി മുതൽ കേരള അതിർത്തിയായ മലക്കപ്പാറ വരെയുളള 92 കി.മീ. ദൂരത്തിൽ 2.6 കിമീ. ദൂരം മാത്രമാണ് പി.ഡബ്ല്യൂ.ഡി. വക റോഡ് അല്ലാത്തത്. മുൻ സർക്കാരിന്റെ കാലത്ത് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം നാട്ടുകർ ഉന്നയിച്ചതിനെ തുടർന്ന് റോഡ് വിട്ട് നൽകുവാൻ ജില്ല പഞ്ചായത്ത് തീരൂമാനിച്ചിരുന്നുവെങ്കിലും റോഡ് ഏറ്റെടുക്കുവാൻ സർക്കാർ നയം മൂലം സാധിച്ചിരുന്നില്ല. മുൻ സർക്കാരിന്റെ നയത്തിൽ മാറ്റം വരുത്തി റോഡ് ഏറ്റെടുക്കുവാൻ മന്ത്രിസഭ തീരുമാനിക്കണമെന്നാവശൃപ്പെട്ട് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും നിവേദനം നൽകി.
കുഴിയും ചെളിയും നിറഞ്ഞ് കുറ്റിച്ചിറ – ചായ്പൻകുഴി റോഡ്; അതിരപ്പിള്ളി സമാന്തര പാതയിൽ യാത്ര ദുസ്സഹം






