രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില കുറച്ചു. 180 രൂപയുടെ കുറവോടെ സിലിണ്ടറിന് 2,951 രൂപയായാണ് പുതിയ നിരക്ക്. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ഈ വർഷം ആദ്യമായാണ് വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറയുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി വാണിജ്യ സിലിണ്ടറിന് ആയിരത്തോളം രൂപയുടെ വർധന ഉണ്ടായിരുന്നതിനാൽ, ഇപ്പോഴത്തെ വിലക്കുറവ് ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകൾക്ക് നേരിയ ആശ്വാസം മാത്രമാണെന്നാണ് വിലയിരുത്തൽ.
രാജ്യത്തെ വിവിധ നഗരങ്ങളിൽ 173 രൂപ മുതൽ 183 രൂപ 50 പൈസ വരെ വിലക്കുറവാണ് രേഖപ്പെടുത്തിയത്. ദില്ലിയിലും ലഖ്‌നൗവിലും 183 രൂപ 50 പൈസയും, കൊൽക്കത്തയിൽ 174 രൂപയും, ചണ്ഡീഗഢിൽ 181 രൂപ 50 പൈസയും, പട്നയിൽ 173 രൂപയും സിലിണ്ടറിന് കുറഞ്ഞു.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില മൂവായിരം രൂപയ്ക്ക് മുകളിലെത്തിയിരുന്നു. എന്നാൽ അമേരിക്കയും ഇറാനും തമ്മിൽ 60 ദിവസത്തെ വെടിനിർത്തൽ കരാർ നിലവിൽ വന്നതും അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില ഇടിഞ്ഞതും വിപണിക്ക് ആശ്വാസമായി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ-വാതക ഗതാഗതം സാധാരണ നിലയിലായതും വില കുറയാൻ കാരണമായി. എന്നിരുന്നാലും അന്താരാഷ്ട്ര വിപണിയിലെ ഇടിവിന് ആനുപാതികമായ കുറവ് വാണിജ്യ എൽപിജി വിലയിൽ പ്രതിഫലിച്ചിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്.






