nctv news pudukkad

ആൽജോയുടെ ജീവനെടുത്ത വീട്ടിൽ വീണ്ടും പാമ്പുകൾ; തറയിളക്കി പരിശോധന, ഭീതി ഒഴിയാതെ കുടുംബം

സഹോദരങ്ങളായ കുട്ടികൾക്ക് പാമ്പുകടിയേറ്റ കോടാലി കടമ്പോട്ടെ വീട്ടിൽ തുടരെ തുടരെ പാമ്പുകളെ കാണുന്ന പശ്ചാത്തലത്തിൽ വനംവകുപ്പും സർപ്പ ടീമും വൻ പരിശോധന നടത്തി. കിടപ്പുമുറിയിലെ ടോയ്‌ലറ്റിന്റെ ഡ്രൈനേജ് പൈപ്പ് വഴിയാകാം പാമ്പുകൾ അകത്തെത്തുന്നത് എന്ന നിഗമനത്തിൽ തറയും ടൈലുകളും ഇളക്കി പരിശോധിച്ചെങ്കിലും പാമ്പുകളെ കണ്ടെത്താനായില്ല.

കടമ്പോട് കാവുങ്ങൽ സിൽജോയുടെ വീട്ടിൽ ഞായറാഴ്ച പുലർച്ചെയാണ് ദുരന്തമുണ്ടായത്. പാമ്പുകടിയേറ്റ എട്ടു വയസ്സുകാരൻ ആൽജോ മരിക്കുകയും പത്തു വയസ്സുകാരൻ അനോഷ് ചികിത്സയിലാവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ വ്യാഴാഴ്ച വൈകീട്ടും രാത്രിയുമായി വീട്ടിൽ വീണ്ടും രണ്ട് പാമ്പുകളെ കണ്ടെത്തിയതോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയത്.

വെള്ളിക്കുളങ്ങര സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ജോബി ജോസഫ്, സർപ്പ ടീം ലീഡർ ജോജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡ്രൈനേജ് പൈപ്പുകൾ കേന്ദ്രീകരിച്ച് ടൈലുകളും വീടിന് പുറത്തെ തറയും ഇളക്കി രണ്ടര മണിക്കൂറോളം തെരച്ചിൽ നടത്തി. ഇടയ്ക്ക് വൈദ്യുതി തടസ്സപ്പെട്ടത് പരിശോധനയെ ബാധിച്ചെങ്കിലും പിന്നീട് പുനസ്ഥാപിച്ചു. എന്നാൽ വീടിന്റെ സുരക്ഷയെ കരുതി തറ അധികം ഇളക്കാതെ പരിശോധന അവസാനിപ്പിക്കുകയായിരുന്നു.

ഇതുവരെ അഞ്ച് പാമ്പുകളെയാണ് വീട്ടിലും പരിസരത്തുമായി കണ്ടത്. അഞ്ചും മാരക വിഷമുള്ള ശംഖുവരയൻ വിഭാഗത്തിൽപ്പെട്ടവയാണ്. നാലെണ്ണം വീടിനുള്ളിൽ നിന്നുതന്നെയാണ് പിടികൂടിയത്. തറയ്ക്കടിയിൽ പാമ്പുകൾ ഇനിയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വീടിന് ചുറ്റും കോൺക്രീറ്റ് ചെയ്ത് സുരക്ഷിതമാക്കാൻ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അനോഷ് അപകടനില തരണം ചെയ്തത് കുടുംബത്തിന് നേരിയ ആശ്വാസം നൽകുന്നുണ്ട്. എങ്കിലും തുടർച്ചയായി പാമ്പുകളെ കാണുന്നത് പ്രദേശവാസികളെയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. നാടിനെ നടുക്കിയ ദുരന്തത്തിന് പിന്നാലെ പാമ്പുകളുടെ കേന്ദ്രമായി വീട് മാറിയതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് സിൽജോയും കുടുംബവും. വനംവകുപ്പിന്റെ നിർദ്ദേശപ്രകാരം വീട് സുരക്ഷിതമാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *