പ്രകൃതിയുടെ മടിത്തട്ടിൽ വന്യജീവി ലോകത്തെ തൊട്ടറിയാൻ തൃശ്ശൂർ സുവോളജിക്കൽ പാർക്ക് ഇന്ന് മുതൽ സഞ്ചാരികൾക്കായി വാതിൽ തുറന്നു. ഫെബ്രുവരി 28, ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികളാണ് ആദ്യ സന്ദർശകരായി പാർക്കിലെത്തിയത്.
രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് സന്ദർശന സമയം. മറ്റ് മൃഗശാലകളെപ്പോലെ തിങ്കളാഴ്ചകളിൽ പാർക്കിന് അവധിയായിരിക്കും. മുതിർന്നവർക്ക് 100 രൂപയും, 5 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 30 രൂപയും, മുതിർന്ന പൗരന്മാർക്ക് 50 രൂപയുമാണ് പ്രവേശന ഫീസ്. ഭിന്നശേഷി ഉള്ളവർക്ക് പ്രവേശനം തികച്ചും സൗജന്യമാണ്.
സ്കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേക ഇളവുകൾ ഒരുക്കിയിട്ടുണ്ട്. നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാണ്. അഞ്ച് മുതൽ 12-ാം ക്ലാസ് വരെയുള്ളവർക്ക് 30 രൂപ നിരക്കിലും, അധ്യാപകർക്കും ജീവനക്കാർക്കും ഇതേ നിരക്കിലും പ്രവേശനം അനുവദിക്കും. ക്യാമറകൾക്കും പാർക്കിങ്ങിനും പ്രത്യേക നിരക്കുകൾ നിശ്ചയിച്ചിട്ടുണ്ട്. പാർക്കിനുള്ളിൽ യാത്ര സുഗമമാക്കാൻ കെ.എസ്.ആർ.ടി.സി.യുടെ രണ്ട് ഇലക്ട്രിക് ബസുകളും സജ്ജമാക്കിയിട്ടുണ്ട്.






