പുതുക്കാട്: കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന നേട്ടങ്ങള്‍ വോട്ടര്‍മാര്‍ അംഗീകരിക്കുമെന്ന ശുഭപ്രതീക്ഷയോടെ പുതുക്കാട് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ. രാമചന്ദ്രന്‍ വോട്ട് രേഖപ്പെടുത്തി. പുലക്കാട്ടുകര ഹോളി ഫാമിലി സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ കുടുംബസമേതമെത്തിയാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്.
കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മൂന്നാം ഊഴം ഉറപ്പാണെന്നും, വോട്ടര്‍മാര്‍ അതിനായി തയ്യാറെടുത്തു കഴിഞ്ഞെന്നും വോട്ട് ചെയ്ത ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പുതുക്കാടിന്റെ സമഗ്രമായ വികസനം ഈ തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയമാണെന്നും കെ.കെ. രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയമായ വിയോജിപ്പുകള്‍ക്കിടയിലും ജനാധിപത്യത്തിന്റെ മനോഹരമായ കാഴ്ചയ്ക്കും പുലക്കാട്ടുകരയിലെ ബൂത്ത് സാക്ഷ്യം വഹിച്ചു. ഇതേ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ അയല്‍വാസി കൂടിയായ ബി.ജെ.പി സ്ഥാനാര്‍ത്ഥി എ. നാഗേഷുമായി കെ.കെ. രാമചന്ദ്രന്‍ കുശലാന്വേഷണം നടത്തി. സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള സൗഹൃദ സംഭാഷണത്തിന് ശേഷമാണ് കെ.കെ. രാമചന്ദ്രന്‍ മണ്ഡലത്തിലെ മറ്റ് ബൂത്തുകള്‍ സന്ദര്‍ശിക്കാനായി മടങ്ങിയത്.
രാവിലെ മുതല്‍ തന്നെ പുതുക്കാട് മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ വോട്ടര്‍മാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വികസനത്തുടര്‍ച്ച എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എല്‍.ഡി.എഫ് മണ്ഡലത്തില്‍ പ്രചാരണം നടത്തിയത്.






