nctv news pudukkad

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മൂന്ന് മരണം; വിവിധയിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയെ തുടർന്ന് മലയോര മേഖലകളിൽ മഴക്കെടുതി രൂക്ഷമായി. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉൾപ്പെടെയുള്ള അപകടങ്ങളിൽ മൂന്ന് പേർ മരിച്ചു. കോട്ടയത്തും ഇടുക്കിയിലുമാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഇടുക്കി അടൂർമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതി മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് വൈക്കം സ്വദേശി പ്രഭാകരൻ നായർ മരിച്ചു. കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ വീട് തകർന്നുവീണ് 24-കാരനായ ജോസഫിൻ ജോണിക്കും ജീവൻ നഷ്ടമായി.

പത്തനംതിട്ട റാന്നിയിലും കോന്നിയിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്നതോടെ ഇരുകരകളിലും ജാഗ്രത തുടരുകയാണ്. വെള്ളം കയറിയ വീടുകളിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിവരുന്നു.

റാന്നി തൂമ്പാക്കുളത്ത് ഉരുൾപൊട്ടലുണ്ടായതോടെ അരയാഞ്ഞിലിമണ്ണ് കോസ്‌വേ പൂർണമായും മുങ്ങി. ഇതോടെ ഏകദേശം 400 കുടുംബങ്ങൾ ഒറ്റപ്പെട്ടു. കൊക്കത്തോട് മേഖലയിൽ ഉരുൾപൊട്ടലിൽ ഒരു വീട് തകർന്നു. രക്ഷാപ്രവർത്തനത്തിനായി ഫയർഫോഴ്‌സും വനംവകുപ്പും പ്രദേശത്തെത്താൻ ശ്രമം തുടരുകയാണ്.

കോട്ടയം പാല, കൂട്ടിക്കൽ മേഖലകളിലും മഴക്കെടുതി വ്യാപകമാണ്. കെ.കെ. റോഡിൽ രണ്ടിടങ്ങളിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.

അതേസമയം, തൃശൂർ ഗുരുവായൂർ തൊഴിയൂരിൽ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീടിന് മുകളിലേക്ക് വീണ് വീട് ഭാഗികമായി തകർന്നു. വീട്ടുകാർ ശബ്ദം കേട്ട് സമയത്ത് പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. വൈദ്യുതി ലൈനിലേക്ക് തെങ്ങ് പതിച്ചതോടെ രണ്ട് വൈദ്യുതി പോസ്റ്റുകളും തകർന്നു.

Leave a Comment

Your email address will not be published. Required fields are marked *