മോഷ്ടിച്ച ബൈക്കുമായി യുവാവ് മാളയിൽ പൊലീസ് ചെക്കിങ്ങിനിടെ പിടിയിൽ. മാള ടൗണിൽ വാഹന പരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച 20-കാരനാണ് പിടിയിലായത്.
ചെറുവാളൂർ സ്വദേശി തളിയത്ത് വീട്ടിൽ ആഷിഖ് ആണ് മാള പൊലീസിന്റെ പിടിയിലായത്. ഹെൽമറ്റ് ധരിക്കാതെ അശ്രദ്ധമായി ബൈക്കോടിച്ചെത്തിയ ആഷിഖിനോട് പൊലീസ് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്താതെ കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആഷിഖിനെ ബൈക്ക് സഹിതം കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തതോടെ, ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് സെപ്റ്റംബർ 10ന് എളമക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപത്തുനിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. തുടർനടപടികൾക്കായി പ്രതിയെയും ബൈക്കിനെയും എളമക്കര പൊലീസിന് കൈമാറി.






