nctv news pudukkad

കേരളത്തിന് ഇന്ന് എഴുപതാം പിറന്നാൾ; ഏഴു പതിറ്റാണ്ടിന്റെ നേട്ടങ്ങളും പ്രതീക്ഷകളും

കേരളത്തിന് ഇന്ന് എഴുപതാം പിറന്നാൾ. ഏഴ് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക പുരോഗതി തുടങ്ങി ഒട്ടേറെ മേഖലകളിൽ രാജ്യത്തിന് മാതൃകയായി കേരളം മാറിക്കഴിഞ്ഞു. സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്ന് മാറ്റിയ ശേഷമുള്ള ആദ്യ കേരളപ്പിറവി ദിനം കൂടിയാണിത്.

മഞ്ഞും മഴയും ഒളിച്ചുകളിക്കുന്ന പച്ചപ്പണിഞ്ഞ മലനിരകൾ, കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന നെൽപ്പാടങ്ങൾ, കായലുകളും അരുവികളും നീർച്ചാലുകളും… പ്രകൃതിഭംഗിയിലും സാംസ്കാരിക വൈവിധ്യത്തിലും കേരളത്തിന് എന്നും വേറിട്ട സ്ഥാനമുണ്ട്. തെയ്യം, തോൽപ്പാവക്കൂത്ത്, കളരിപ്പയറ്റ്, കഥകളി തുടങ്ങി സമ്പന്നമായ കലാപാരമ്പര്യവും കേരളത്തിന്റെ അഭിമാനമാണ്.

1956 നവംബർ ഒന്നിന് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനപ്രകാരം മലബാർ, കൊച്ചി, തിരുവിതാംകൂർ പ്രദേശങ്ങൾ കൂട്ടിച്ചേർത്താണ് കേരളം രൂപീകരിച്ചത്. പിന്നീടുള്ള ഏഴ് പതിറ്റാണ്ടുകൾ കേരളത്തിന്റെ ചരിത്രത്തിലെ നിർണായകമായ മുന്നേറ്റങ്ങളുടെ കാലമായിരുന്നു. നവോത്ഥാന പ്രസ്ഥാനങ്ങൾ, ഭൂപരിഷ്കരണ ബിൽ, വിദ്യാഭ്യാസ ബിൽ, അധികാര വികേന്ദ്രീകരണം, സാക്ഷരതാ യജ്ഞം, ജനകീയാസൂത്രണം, പരിസ്ഥിതി സംരക്ഷണ മുന്നേറ്റങ്ങൾ തുടങ്ങി നിരവധി നേട്ടങ്ങൾ ഈ കാലയളവിൽ കേരളം സ്വന്തമാക്കി.

രാജ്യത്ത് സമ്പൂർണ സാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനമായി കേരളം മാറി. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ നേട്ടങ്ങൾ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായി. വിനോദസഞ്ചാര രംഗത്തും കേരളം വലിയ മുന്നേറ്റം നടത്തി. മോഹിനിയാട്ടം, തെയ്യം, കളരിപ്പയറ്റ്, ഗോത്രകലകൾ തുടങ്ങി കേരളത്തിന്റെ തനത് കലാരൂപങ്ങൾ വിദേശ രാജ്യങ്ങളിൽ പോലും ശ്രദ്ധയും അംഗീകാരവും നേടി.

എന്നാൽ നേട്ടങ്ങൾക്കൊപ്പം വെല്ലുവിളികളും കേരളത്തിന് മുന്നിലുണ്ട്. സാമ്പത്തിക പരിമിതികൾക്കിടയിലും സാമൂഹിക പുരോഗതിയും ക്ഷേമവും ഉറപ്പാക്കേണ്ടതുണ്ട്. അന്തസ്സോടെ ജീവിക്കാനും സാമ്പത്തിക ഭദ്രത കൈവരിക്കാനും സംരംഭക സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനുമുള്ള നവകേരള നിർമാണം യാഥാർഥ്യമാക്കേണ്ടതുണ്ട്.

വർഗീയ ധ്രുവീകരണ ശ്രമങ്ങളെ ചെറുക്കുകയും മതേതര പാരമ്പര്യം ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഭാഷയെയും സംസ്കാരത്തെയും ചേർത്തുപിടിച്ച് ഐക്യവും സാഹോദര്യവും സംരക്ഷിക്കാൻ ഓരോ മലയാളിയും ജാഗരൂകരാകണം.

ഏഴ് പതിറ്റാണ്ടിന്റെ അഭിമാനകരമായ ചരിത്രവും പുതിയ കാലത്തിന്റെ പ്രതീക്ഷകളും ചേർത്തുപിടിച്ച് കേരളം എഴുപതാം പിറന്നാൾ ആഘോഷിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *