ചിറ്റിശ്ശേരിയില്‍ സഹോദരിയെ കൊലപ്പെട്ട നിലയിലും സഹോദരനെ ജീവനൊടുക്കിയ നിലയിലും കണ്ടെത്തി. ചിറ്റിശ്ശേരി ചാമപറമ്പില്‍ 63 വയസ്സുള്ള ഇന്ദിര, സഹോദരന്‍ 58 വയസ്സുള്ള അപ്പുവെന്ന ഗോപി എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്ദിരയുടെ കൈയിലെ ഞെരമ്പു മുറിച്ച നിലയിലായിരുന്നു. മുഖത്തിനുസമീപം തലയിണയും കിടപ്പുണ്ടായിരുന്നു. ഗോപിയെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്.
വീട്ടിലുണ്ടായിരുന്ന മരുമകളുടെ മുറിയുടെ വാതില്‍ പുറമെനിന്നും കുറ്റിയിട്ട നിലയിലായിരുന്നു. ഇതോടെ മുകളിലെ മുറിയില്‍ കിടന്നിരുന്ന മകന്‍ വൈഷ്ണവിനെ ഫോണില്‍ വിളിച്ച് ഉണര്‍ത്തി അന്വേഷിച്ചപ്പോഴാണ് 2 മരണവും അറിയുന്നത്. ഗോപിയുടെ ഭാര്യ തൊട്ടുടുത്ത് ഉള്ള മറ്റൊരു മകനായ ജിഷ്ണുവിന്റെ വീട്ടിലാണ് രാത്രി കിടന്നിരുന്നത്.
ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇന്ദിര ഭിന്നശേഷിക്കാരിയാണ്. അവിവാഹിതയാണ്. ഇവരെ പരിപാലിക്കുന്നതിനുള്ള ബുദ്ധിമുട്ടാകാം കൊലപാതകാരണമെന്ന് പ്രാഥമികമായി കരുതുന്നു. അപ്പുവിനെ ഭാര്യയും 3 മക്കളും ഉണ്ട്.






