ചാലക്കുടി മലക്കപ്പാറ കെഎസ്ആര്‍ടിസി ബസില്‍ അനുവദനീയമായതിലും അധികം യാത്രക്കാരെ കയറ്റിയതായി പരാതി. 51 സീറ്റുകളുള്ള ബസില്‍ 80ലേറെ യാത്രക്കാര്‍ കയറിയതോടെ സുരക്ഷാ ആശങ്ക ഉയര്‍ന്നു.
കെഎംവിആര്‍ ചട്ടപ്രകാരം സീറ്റിങ് ശേഷിയുടെ 25 ശതമാനം വരെ മാത്രമാണ് അധികമായി നിന്നുകൊണ്ട് യാത്ര ചെയ്യാവുന്നതെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഈ കണക്കുപ്രകാരം 51 സീറ്റുള്ള ബസില്‍ പരമാവധി 64 യാത്രക്കാരെ മാത്രമേ അനുവദിക്കാവൂ. പരിധിയിലധികം യാത്രക്കാരെ കയറ്റുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുമെന്നും യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
പൂജാ അവധിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബസില്‍ വലിയ തിരക്കുണ്ടായിരുന്നുവെന്നും വരും ദിവസങ്ങളിലും തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും പരാതിയുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ അധിക സര്‍വീസുകള്‍ അനുവദിക്കണമെന്നും അതിരപ്പിള്ളി സര്‍വീസ് മലക്കപ്പാറയിലേക്ക് നീട്ടണമെന്നും ആവശ്യമുയരുന്നു.
അനുവദനീയമായതിലധികം യാത്രക്കാരെ കയറ്റരുതെന്നും അധിക യാത്രക്കാരുണ്ടെങ്കില്‍ സര്‍വീസ് തുടരരുതെന്നും തൃശൂര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് യാത്രക്കാരില്‍ ചിലര്‍ ഇറങ്ങിയ ശേഷമാണ് ബസ് സര്‍വീസ് പുനരാരംഭിച്ചതെന്നും പരാതിയില്‍ പറയുന്നു.






