തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിയോടനുബന്ധിച്ചുള്ള വിളക്കാഘോഷങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാകും. വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവരുടെ വഴിപാടായി 30 ദിവസവും ചുറ്റുവിളക്ക് നടക്കും. പാലക്കാട് പറമ്പോട്ട് അമ്മിണി അമ്മയുടെ വക ചുറ്റുവിളക്കോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്.
തുടർന്നുള്ള ദിവസങ്ങളിൽ മർച്ചന്റ്‌സ് അസോസിയേഷൻ, ഗുരുവായൂർ പൊലീസ്, നീതിവിളക്ക്, പോസ്റ്റൽ വിളക്ക് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിളക്കാഘോഷങ്ങൾ നടക്കും. ആഘോഷങ്ങളുടെ അവസാന ദിവസങ്ങളിൽ പുരാതന തറവാട്ടുകാരുടെ വക ചുറ്റുവിളക്കും ഉണ്ടായിരിക്കും.
രാത്രിയിലെ വിളക്കഴുന്നള്ളിപ്പിന് നറുനെയ്യ് ഉപയോഗിച്ച് തെളിയിക്കുന്ന വിളക്കുകളാണ് ഏറെയും. വിളക്കാഘോഷങ്ങളുടെ ഭാഗമായി മേളത്തോടെയുള്ള ശീവേലി എഴുന്നള്ളിപ്പ്, രാത്രി വിശേഷാൽ ഇടയ്ക്കവാദ്യം, നാഗസ്വരം എന്നിവയുണ്ടാകും. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറും.
ഏകാദശിയോടനുബന്ധിച്ച് നടക്കുന്ന പ്രസിദ്ധമായ ചെമ്പൈ സംഗീതോത്സവത്തിന്റെ ഉദ്ഘാടനം നവംബർ ആറിനാണ്. നവംബർ ഏഴിന് രാവിലെ സംഗീതാർച്ചനകൾ ആരംഭിക്കും. എല്ലാ ദിവസവും വൈകിട്ട് ആറുമുതൽ രാത്രി ഒൻപതുവരെ വിശേഷാൽ കച്ചേരികളും നടക്കും.
നവംബർ 21നാണ് പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി. ഏകാദശി ദിനത്തിൽ ഗുരുവായൂർ ദേവസ്വത്തിന്റെ വകയായാണ് ചുറ്റുവിളക്കാഘോഷം നടക്കുക. ഭക്തിനിർഭരമായ ചടങ്ങുകളും സംഗീതപരിപാടികളുമായി ഗുരുവായൂർ ക്ഷേത്രം വരും ദിവസങ്ങളിൽ ഉത്സവാന്തരീക്ഷത്തിലേക്ക് കടക്കും.






