ഞായറാഴ്ച രാവിലെ ആമ്പല്ലൂരിലായിരുന്നു സംഭവം. ആമ്പല്ലൂരില്‍ ഓട്ടോ ഓടിക്കുന്ന തലവണിക്കര സ്വദേശി ഐത്താടന്‍ ശിവദാസാണ് കളഞ്ഞുകിട്ടിയ 8 പവന്‍ സ്വര്‍ണം ഉടമക്ക് തിരിച്ചേല്‍പ്പിച്ച് മാതൃകയായത്. കല്ലൂര്‍ ചക്കാലക്കല്‍ ഡൊമിനിക്-ജോളി ദമ്പതികളുടെ മകളുടെ സ്വര്‍ണമാണ് യാത്രക്കിടെ നഷ്ടപ്പെട്ടത്. ആമ്പല്ലൂര്‍ സിഗ്നലില്‍ നിര്‍ത്തിയ ശേഷം മുന്നോട്ടെടുക്കുന്നതിനിടെ സ്വര്‍ണമടങ്ങിയ ബാഗ് താഴെ വീഴുകയായിരുന്നു. ഏതാനും ആഭരണങ്ങള്‍ ബാഗില്‍ നിന്നും റോഡിലേക്കും വീണിരുന്നു. ഓട്ടോ ഡ്രൈവറും യാത്രക്കാരും വിവരം അറിയാതെ യാത്രതുടര്‍ന്നു. ഇതേസമയം ഓട്ടോ സ്റ്റാന്‍ഡിലുണ്ടായിരുന്ന ശിവദാസന്‍ സിഗ്നലിലെത്തി ബാഗും താഴെ വീണ ആഭരണങ്ങളും എടുത്തുമാറ്റി. ഇതിനിടെ 2 ഇരുചക്രവാഹന യാത്രികര്‍ കാല്‍ വിരല്‍കൊണ്ട് ആഭരണം കൈക്കാലാക്കാന്‍ ശ്രമിച്ചിരുന്നതായി ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞു. ബാഗിലുണ്ടായിരുന്ന ആശുപത്രി ഒപി കാര്‍ഡില്‍ പേരിനൊപ്പമുണ്ടായിരുന്ന നമ്പറില്‍ വിളിച്ചാണ് സ്വര്‍ണം നഷ്ടപ്പെട്ടവരെ കണ്ടെത്തിയത്. ആമ്പല്ലൂര്‍ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെത്തിയ ഡൊമിനിക്കിനും ജോളിക്കും ശിവദാസന്‍ ബാഗ് കൈമാറി. വലിയ തുകയുടെ സ്വര്‍ണം കണ്ടെങ്കിലും നേരിനെ ചേര്‍ത്തുപിടിച്ച ശിവദാസനും മറ്റു ഓട്ടോ ഡ്രൈവര്‍മാര്‍ക്കും കണ്ണീരോടെ നന്ദിപറഞ്ഞാണ് ഡൊമിനികും ജോളിയും ആമ്പല്ലൂരില്‍ നിന്നും തിരിച്ചുപോയത്.