ലഹരിമരുന്ന് കേസുകളിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ അക്ഷയ് അമ്പാടിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കഞ്ചാവ്, ഹാഷിഷ് ഓയിൽ, എംഡിഎംഎ എന്നിവയുമായി അറസ്റ്റിലായ പതിനേഴ് ക്രിമിനൽ കേസുകളിൽ പ്രതിയുമായ കുപ്രസിദ്ധ ഗുണ്ട അക്ഷയ് അമ്പാടിയെ കാപ്പ ഉത്തരവ് പ്രകാരം ആറ് മാസക്കാലത്തേക്ക് ജയിലിലാക്കി.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ റൗഡിയുമായ പുല്ലൂറ്റ് നാരായണമംഗലം സ്വദേശി മുണ്ടോലി വീട്ടില്‍ അമ്പാടി എന്ന് വിളിക്കുന്ന അക്ഷയ് (31) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. തൃശ്ശൂർ ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ ആണ് കാപ്പ നിയമപ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
അക്ഷയ് അമ്പാടി പതിനേഴ് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 2026 ജൂൺ 03-ന് സ്കൂൾ-കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവ്, ഹാഷിഷ് ഓയിൽ, എംഡിഎംഎ എന്നിവ സഹിതം അക്ഷയ് അമ്പാടിയെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ഇരിങ്ങാലക്കുട സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ് അക്ഷയ് അമ്പാടി. ഇയാൾ ജാമ്യത്തിലിറങ്ങുന്നതിന് മുമ്പായിട്ടാണ് കാപ്പ ചുമത്തി ആറ് മാസക്കാലത്തേക്ക് കൂടി തടവിലാക്കുന്നത്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. സി. രമേഷ്, എസ്.സി.പി.ഒ. ജിജോ എന്നിവര്‍ കാപ്പ ചുമത്തുന്നതിലും ഉത്തരവ് നടപ്പിലാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.






