മരത്താക്കരയിലുള്ള ഹോട്ടലില്‍ ജോലിചെയ്തിരുന്ന പാലക്കാട് സ്വദേശിനിയുടെ ബാഗില്‍ നിന്നും അയ്യായിരം രൂപയും പതിനായിരം രൂപ വിലവരുന്ന മൊബൈല്‍ ഫോണും വിലപ്പെട്ട രേഖകളും മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഒറ്റപ്പാലം തിരുമിറ്റക്കോട് സ്വദേശിയായ പള്ളങ്ങല്‍ വളപ്പില്‍ വീട്ടില്‍ അന്‍വര്‍ സാദിക്കിനെയാണ് മുവ്വാറ്റുപുഴയില്‍ നിന്നും ഒല്ലൂര്‍ പൊലീസ് പിടികൂടിയത്. ആഗസ്റ്റ് 01നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മരത്താക്കരയിലെ ഹോട്ടലിലെ ജീവനക്കാരിയായ സ്ത്രീയുടെ ബാഗില്‍ നിന്നും അതേ ഹോട്ടലിലെ ജീവനക്കാരനായിരുന്ന പ്രതി അയ്യായിരം രൂപയും പതിനായിരം രൂപ വിലവരുന്ന മൊബൈല്‍ ഫോണും മോഷ്ടിക്കുകയായിരുന്നു. പ്രതി പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ വിവിധ ഹോട്ടലുകളില്‍ ഒന്നോ രണ്ടോ ദിവസം ജോലിക്ക് നില്‍ക്കുകയും അതിനുള്ളില്‍ തന്നെ അവിടെ നിന്നും ഇത്തരത്തില്‍ മോഷണം നടത്തി മുങ്ങുകയും പതിവാക്കിയ ആളാണെന്നും പ്രതിക്കെതിരെ തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ ഒരു ക്രിമിനല്‍ കേസ് നിലവിലുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഒല്ലൂര്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ കെ.പി. തോംസന്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സംഘത്തില്‍ ഒല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ ഫൈസല്‍, സബ് ഇന്‍സ്‌പെക്ടര്‍ ജയചന്ദ്രന്‍, എഎസ്‌ഐ സന്ദീപ്, സിവില്‍ പൊലിസ് ഓഫീസര്‍ കെ.എന്‍. നിരാജ്‌മോന്‍, പി.പി. അജിത്ത്, അനുഷ എന്നിവരാണ് ഉണ്ടായിരുന്നത്.






