ചിമ്മിനി ഡാം ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി കലക്ടറുടെ ചേംബറില്‍ ഇറിഗേഷന്‍ പ്രൊജക്ട് ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിയുടെ സുപ്രധാന എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്.
സന്ദര്‍ശകരുടെ പ്രവേശനം മുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് വരെയുള്ള പ്രധാന അജണ്ടകളാണ് യോഗത്തില്‍ ചര്‍ച്ചയായത്. ഡാം ടോപ്പിലേക്ക് വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ യോഗം വിലയിരുത്തി. സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തേണ്ട പ്രവേശന ഫീസ് നിശ്ചയിച്ചു.പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ആവശ്യമായ തൊഴിലാളികളെ നിയമിക്കുന്നത്തിനും തീരുമാനമായി. വിനോദസഞ്ചാരികള്‍ക്കായി ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.
തൃശ്ശൂര്‍ ഡിവിഷന്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.എന്‍. സജിത്ത്, പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എം.കെ. രഞ്ജിത്ത്, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ.എം. മുഹമ്മദ് റാഫി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ടി.സി. മനോജ്, ഇരിങ്ങാലക്കുട ആര്‍ഡിഒ എം. അബ്ദുള്‍ മജീദ്, ഡി.ടി.പി.സി. ടൂര്‍ കോര്‍ഡിനേറ്റര്‍ വി.ജെ. രൂപേഷ്, ചിമ്മിനി ഡാം അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ. ശ്രീജിത്ത് തുടങ്ങിയ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ഡാം കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതികള്‍ സുരക്ഷിതവും പരിസ്ഥിതിസൗഹൃദവുമായി നടപ്പിലാക്കാനുള്ള രൂപരേഖ യോഗം ചര്‍ച്ച ചെയ്തു.






