മുരിങ്ങൂർ ഗോഡൗണിൽ നിന്ന് മൂന്നര ലക്ഷം രൂപയുടെ കേബിളുകൾ മോഷ്ടിച്ച കേസിൽ അസം സ്വദേശി അറസ്റ്റിൽ.
കൊരട്ടി മുരിങ്ങൂരിലെ ഗോഡൗണിൽ നിന്ന് 3.5 ലക്ഷം രൂപ വിലവരുന്ന കേബിളുകൾ മോഷ്ടിച്ച കേസിലാണ് അസം സ്വദേശിയായ 24കാരനെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. അസം നാഗാവ് ജില്ലയിലെ മധുപൂർ സ്വദേശി മൈനുൽ ഇസ്ലാമാണ് പിടിയിലായത്.
ഒക്ടോബർ 31നും നവംബർ മൂന്നിനുമാണ് ഗോഡൗണിൽ മോഷണം നടന്നത്. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 24 കോർ ചെമ്പ് കേബിളിൽ നിന്ന് 280 മീറ്ററും ബീറ്റ് കേബിളിൽ നിന്ന് 218 മീറ്ററും ആറ് ക്വാഡ് കേബിളിൽ നിന്ന് 160 മീറ്ററുമാണ് മോഷണം പോയത്.
സംഭവത്തിൽ പരാതി ലഭിച്ചതിനെത്തുടർന്ന് കൊരട്ടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കൊരട്ടി പൊലീസ് സ്റ്റേഷൻ എസ്.ഐ വിഷ്ണു രാമചന്ദ്രൻ, ജി.എ.എസ്.ഐ ജോയ് എം.ഒ, ജി.എസ്.സി.പി.ഒ നിഖിലൻ, സി.പി.ഒ വിഷ്ണു ചന്ദ്രൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.






