പാലപ്പിള്ളി കുണ്ടായിയിൽ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു. കുണ്ടായി എസ്റ്റേറ്റിലെ തൊഴിലാളിയും വരന്തരപ്പിള്ളി മുൻ പഞ്ചായത്ത് അംഗവുമായ ഷീല ശിവരാമന്റെ പശുവിനെയാണ് പുലി ആക്രമിച്ച് കൊന്നത്. എട്ട് വയസ്സ് പ്രായമുള്ള ജഴ്‌സി പശുവാണ് പുലിയുടെ ആക്രമണത്തിന് ഇരയായത്.
കഴിഞ്ഞ ദിവസങ്ങളിൽ തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ശനിയാഴ്ച വൈകിട്ടോടെ ചക്കിപ്പറമ്പ് കുണ്ടായി ഭാഗത്തെ പുഴയോരത്ത് പശുവിന്റെ ജഡം കണ്ടെത്തിയത്. പശുവിന്റെ ശരീരഭാഗങ്ങൾ പുലി ഭക്ഷിച്ച നിലയിലായിരുന്നു. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പഞ്ചായത്ത് അംഗം എം.എസ്. സിനീഷും സ്ഥലത്തെത്തിയിരുന്നു.
പുലിയെ പിടികൂടുന്നതിനായി നിലവിൽ ചക്കിപ്പറമ്പ് ആദിവാസി ഉന്നതിക്ക് സമീപം കൂട് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, കൂട് സ്ഥാപിച്ച സ്ഥലത്തുനിന്ന് ഏകദേശം ഒന്നര കിലോമീറ്റർ മാറിയാണ് വീണ്ടും പുലിയാക്രമണമുണ്ടായത്. പുഴയോരത്തും പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിക്കുന്നു.
മുൻപും ഷീല ശിവരാമന്റെ വളർത്തുമൃഗങ്ങളെ പുലി ആക്രമിച്ചുകൊന്ന സംഭവം ഉണ്ടായിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് ഇതേ പ്രദേശത്ത് പുലിയിറങ്ങി നായയെയും കൊന്നിരുന്നു. മാസങ്ങളായി പുലിശല്യത്തിന്റെ ഭീതിയിലാണ് പ്രദേശവാസികൾ. പശുക്കളെയും വളർത്തുനായ്ക്കളെയും തുടർച്ചയായി പുലി ആക്രമിച്ച് കൊല്ലുന്നതോടെ ജനവാസമേഖലയിൽ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.






