ആളൂർ: കല്ലേറ്റുംകരയിലെ ബിരിയാണി കടയിൽ യുവാക്കളെ കത്തികൊണ്ട് ആക്രമിച്ച കേസിൽ ഒരു പ്രതിയെ കൂടി ആളൂർ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലായിരുന്ന ആളൂർ സ്വദേശി ആനുരുളി വീട്ടിൽ സനീഷ് (25) ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.
2026 ജൂലൈ 28-ന് വൈകിട്ട് 3.15-ഓടെ കല്ലേറ്റുംകര മുസ്ലിം പള്ളിക്ക് സമീപത്തെ വയനാടൻ ബിരിയാണി കടയിലാണ് സംഭവം. തറയിലക്കാട് സ്വദേശി തയ്യിൽ വീട്ടിൽ നികിൻ (31), പുല്ലൂർ മഠത്തിക്കര സ്വദേശി ഇളന്തോളി വീട്ടിൽ കിരൺ ബാബു (29), പുല്ലൂർ ആനുരുളി സ്വദേശി കുന്നത്തുപറമ്പിൽ വീട്ടിൽ അഭിറാം (27) എന്നിവർ ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്നതിനിടെ പ്രതികളുടെ ദേഹത്ത് തട്ടിയതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തുടർന്ന് പ്രതികൾ അസഭ്യം പറയുകയും നികിനെയും കിരൺ ബാബുവിനെയും കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു.
സംഭവശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആളൂർ മാള ജംഗ്ഷന് സമീപം പ്രതികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ മറ്റൊരു പ്രതിയായ ബെഞ്ചമിൻ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന് ഓഗസ്റ്റ് 1-ന് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
ആളൂർ പൊലീസ് സ്റ്റേഷൻ എസ്.ഐ. അമൽ ജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.






