nctv news pudukkad

nctv news logo
nctv news logo

തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സമയത്ത് ഫണ്ട് അനുവദിക്കാത്തതിലൂടെയും അനാവശ്യ ട്രഷറി നിയന്ത്രണത്തിലൂടെയും കോടികളുടെ വികസന പദ്ധതികളാണ് ജില്ലക്ക് നഷ്ടമാകുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡി സി സി വൈസ് പ്രസിഡന്റുമായ ജോസഫ് ടാജറ്റ് പറഞ്ഞു

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ മറവില്‍ ഇതിന്റെ ഉത്തരവാദിത്വം ഗവണ്മെന്റ് ചര്‍ച്ചയാക്കാതിരിക്കാന്‍ ശ്രമിക്കുകയാണെന്നും ജില്ലാപഞ്ചായത്ത് അംഗം ആരോപിച്ചു. വികസനഫണ്ടിന്റേയും മെയ്ന്റന്‍സ് ഗ്രാന്റിന്റേയും രണ്ട് ഗഡുവുകള്‍ മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചത്, അതില്‍ ജൂലൈയില്‍ അനുവദിക്കേണ്ട തുക അനുവദിച്ചത് നവംബറിലാണ്,  അവശ്യകാര്യങ്ങള്‍ക്കുള്ള തുക യൊഴിച്ച് ബാക്കിയുള്ള കാര്യങ്ങള്‍ക്ക് അമ്പതിനായിരം രൂപക്ക് മുകളിലുള്ള ചെക്കുകള്‍ മാറി ലഭിക്കാത്തതിനാല്‍ കരാര്‍ക്കാര്‍ നിര്‍മാണ പ്രവര്‍ത്തങ്ങളില്‍ നിന്നും മാറി നില്‍ക്കുകയാണ്. അതുകൊണ്ട് തന്നെ ജില്ലാ പഞ്ചായത്തിന്റെ പദ്ധതി ചിലവ് കേവലം 42.90% മാത്രമാണ്. ഇപ്പോള്‍ പട്ടികയില്‍ 8-ാംസ്ഥാനമാണ്. ഇനി ശേഷിക്കുന്നത് 10 ദിവസം മാത്രമാണ്. ഇനിയും മൂന്നാം ഗഡുവ് സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല, കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസം 29നാണ് അനുവദിച്ചത്. ഇനി അനുവദിച്ചാല്‍ തന്നെ വലിയ ആഴ്ചയിലെ അവധികളും സര്‍ക്കാര്‍ ട്രഷറി നിയന്ത്രണവും മൂലം കാര്യമായ തുക ചിലവഴിക്കാന്‍ സാധിക്കില്ല. പെരുമാറ്റം നിലവിലുള്ളതിനാല്‍ എഗ്രിമെന്റ് വെക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ 10% തുകമാത്രമേ ഇനി ചിലവഴിക്കാന്‍ സാധിക്കുകയുള്ളു. ഫണ്ട് നല്‍കി എന്ന് കാണിച്ച് എന്നാല്‍ ചിലവഴിക്കാതെ തിരിച്ച് സര്‍ക്കാരിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് എത്തിക്കുന്നതിലൂടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നാണ് ജോസഫ് ടാജറ്റിന്റെ പരാതി. സ്വഭാവികമായും പൂര്‍ത്തീകരിക്കാത്ത പദ്ധതികളുടെ തുക സ്പില്‍ ഓവറായി മാറും. സാധാരണ സ്പില്‍ ഓവറിന്റെ 20% തുക മാത്രമാണ് സര്‍ക്കാര്‍ അടുത്ത സാമ്പത്തിക വര്‍ഷം അനുവദിക്കാറുള്ളു. പദ്ധതി ചിലവും 20% സ്പില്‍ ഓവറും തുകയും കഴിച്ച് ജില്ലാ പഞ്ചായത്തിന്റെ ഈ വര്‍ഷത്തെ വികസന ഫണ്ടായ 81.95 കോടി രൂപയുടെ 30 ശതമാനമായ ഏകദേശം 25 കോടി രൂപ നഷ്ടമാകും ഇതിനുപുറമേ മെയ്ന്റന്‍സ് ഗ്രാന്റിലേ ചിലവഴിക്കാത്ത തുകയും എസ് സി, എസ് ടി പദ്ധതിയിലെ ചിലവഴിക്കാത്ത തുകക്ക് സമാനമായ തുക അടുത്ത വര്‍ഷത്തെ ജനറല്‍ ഫണ്ടില്‍ നിന്നും കുറവ് ചെയ്യുമ്പോള്‍ നഷ്ടം ഇനിയും വര്‍ദ്ധിക്കും. സമാനമായ രീതിയില്‍ ജില്ലയിലെ 16 ബ്ലോക്ക് പഞ്ചായത്തുകളില്‍ ആറെണ്ണവും 86 ഗ്രാമ പഞ്ചായത്തുകളില്‍ 28 എണ്ണവും 7 മുനിസിപ്പാലിറ്റികളില്‍ 2 എണ്ണവും മാത്രമാണ് അമ്പത് ശതമാനത്തില്‍ കൂടുതല്‍ പദ്ധതി തുക ചിലവഴിച്ചത്. തൃശ്ശൂര്‍ കോര്‍പറേഷന്‍ കേവലം 30.25% മാത്രമാണ് ചിലവഴിച്ചത്. കോര്‍പറേഷനുകളുടെ പട്ടികയില്‍ അവസാന സ്ഥാനമാണ്. കണക്കുകള്‍ വെച്ച് കോര്‍പ്പറേഷന്റെ 77.36 കോടി വികസനഫണ്ടില്‍ ഏകദേശം 28 കോടിയുടെ നഷ്ടം സംഭവിക്കും. അത്തരത്തില്‍ ജില്ലയില്‍ തദ്ദേശസ്ഥാപനങ്ങളെ ആകമാനം നോക്കിയാല്‍ വികസന രംഗത്ത് കോടികളുടെ നഷ്ടമാണ് ജില്ലക്കുണ്ടാകുക. സര്‍ക്കാരിന്റെ സാമ്പത്തിക ക്രമക്കേടുകൊണ്ട് ഒന്ന് മാത്രമാണ് ജില്ലക്ക് ഈ അവസ്ഥ ഉണ്ടാക്കുന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക ക്രമക്കേടും ധൂര്‍ത്തും കാരണം തദ്ദേശസ്ഥാപനങ്ങളുടെ വികസന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയില്ലെന്നും ജോസഫ് ടാജറ്റ് ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *