ഒന്‍പതു ദേശങ്ങളും വീറും വാശിയോടെ അരമണി കിലുക്കി കുടവയര്‍ കുലുക്കി തകര്‍ത്താടുന്നത് കാണാന്‍ ജനമൊഴുകി തിങ്കളാഴ്ച വൈകിട്ട് നാലരയോടെ ആണ് പുലിക്കളിക്ക് തുടക്കമായത്. അയ്യന്തോള്‍, കുട്ടന്‍കുളങ്ങര, സീതാറാം മില്‍ ദേശം, ചക്കാ മുക്ക് ദേശം, നായ്ക്കനാല്‍ പുലികളി സമാജം, വിയ്യൂര്‍ യുവജന സംഘം, ശങ്കരങ്കുളങ്ങര ദേശം, വെളിയന്നൂര്‍, പാട്ടുരായ്ക്കല്‍ എന്നിങ്ങനെ 9 പുലിമടകളില്‍ എണ്ണം പറഞ്ഞ പുലികളാണ് പൂരനഗരിയ്ക്ക് പുലിക്കളി ആവേശം തീര്‍ത്തത്. എല്ലാവര്‍ഷത്തെയും പോലെ പല നിറത്തില്‍ പല തരത്തിലുള്ള പുലികളാണ് ഇത്തവണയും ഒരുങ്ങിയത്. പ്രായഭേദമെന്യേ അനവധി പേരാണ് പുലികളിയില്‍ പങ്കെടുത്തത്. അയ്യന്തോള്‍ ദേശം പ്രത്യേക ഒരു പുലിയെക്കൂടി പുലികളിക്കിറക്കി. കൂടാതെ അയ്യന്തോള്‍ ദേശത്ത് നിന്നും ഇത്തവണ കുടകളുമായി പുലികളിറങ്ങി. ഇത്തവണയും പെണ്‍ പുലികളും ഉണ്ടായിരുന്നു. നിരവധി സര്‍പ്രൈസ് കാഴ്ചകളും ദേശങ്ങള്‍ ഒരുക്കിയിരുന്നു. പുലിക്കളിയില്‍ കരിമ്പുലിയും വരയന്‍പുലിയും ഫ്‌ളൂറസെന്റ് പുലികളും മാത്രമല്ല, സിംഹവും എ.ഐ. സാങ്കേതിക വിദ്യയില്‍ രൂപകല്‍പന ചെയ്ത പുലിമീന്‍ വാഹനവും ഉണ്ടായിരുന്നു. ഇതിനെല്ലാം പുറമെ നിശ്ചലദൃശ്യങ്ങളുമുണ്ടായിരുന്നു. ദാഹിച്ചു വലഞ്ഞ് വരുന്ന ഹനുമാന് ആശ്രമത്തില്‍ വെള്ളം നല്‍കുന്ന സ്ത്രീ, ആനയെ പീഡിപ്പിക്കുമ്പോള്‍ കുട്ടിയാന കരയുന്നത്. തുടങ്ങി വേറിട്ട നിശ്ചലദൃശ്യങ്ങളും കാഴ്ചക്കാര്‍ക്ക് വിരുന്നൊരുക്കി. ആവേശത്തോടെ ജനക്കൂട്ടവും ഒമ്പതു ദേശങ്ങളില്‍ നിന്നുള്ള പുലികള്‍ക്കൊപ്പം സ്വരാജ് റൗണ്ട് കയ്യടക്കിയതോടെ പുലിക്കളി അടിമുടി പുലിപ്പൂരമായി.
ചെണ്ട മേളത്തിനും അരമണിക്കിലുക്കത്തിനുമൊപ്പം ചുവടുവച്ച് നാനൂറിലേറെ പുലികള്‍ പൂരനഗരി കീഴടക്കി
