ഡോക്ടര്‍ നിര്‍ദ്ദേശിച്ച അടിയന്തിര ചികില്‍സ നിരസിച്ച് പിതാവ് വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ ആദിവാസി യുവതിക്ക് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇടപെട്ട് ചികില്‍സ ലഭ്യമാക്കി. മറ്റത്തൂര്‍ പഞ്ചായത്തിലെ ശാസ്താംപൂവത്തുള്ള ആനപ്പാന്തം ആദിവാസി കോളനിയിലെ അയ്യപ്പന്റെ മകള്‍ 22 വയസുള്ള നന്ദിനിക്കാണ് ചികില്‍സ ലഭ്യമാക്കിയത്. ഏഴു മാസം ഗര്‍ഭിണിയായ നന്ദിനിക്ക് ഹീമോഗ്ലോബിന്റെ അളവ് ഗണ്യമായി കുറവാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സ അത്യാവശ്യമാണെന്ന് കഴിഞ്ഞ ദിവസം ചാലക്കുടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ നന്ദിനിയുടെ പിതാവ് ഇവര്‍ക്ക് ചികിത്സ ആവശ്യമില്ലെന്ന് പറഞ്ഞ് നന്ദിനിയെ രണ്ടുകൈവനത്തിലെ കോണിവച്ചാമ്പാറ എന്ന സ്ഥലത്തെ താല്‍ക്കാലിക വാസസ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതറിഞ്ഞ മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി യുവതിയെ കണ്ടെത്തി. ചികില്‍സ ലഭ്യമാക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം തേടി കത്ത് നല്‍കി. ഇതേ തുടര്‍ന്ന് വനപാലകരുടെ സഹായത്തോടെ മറ്റത്തൂര്‍ പഞ്ചായത്തംഗം ചിത്ര സുരാജിന്റെ നേതൃത്വത്തില്‍ ആദിവാസി യുവതിയെ കൂട്ടിക്കൊണ്ടുവന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സ ലഭ്യമാക്കി. പരിയാരം റെയ്ഞ്ച് ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫിസര്‍ കെ. അനില്‍ കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ബിജു ജോര്‍ജ്, പി.ബി. നീതു, വാച്ചര്‍ എസ്. സുനിത, ആരോഗ്യപ്രവര്‍ത്തക സതി വിജയന്‍ എന്നിവരും ആദിവാസി യുവതിയെ വനത്തില്‍ നിന്ന് കൂട്ടികൊണ്ടുവന്ന് ചികില്‍സ നല്‍കിയ സംഘത്തിലുണ്ടായിരുന്നു.
ഡോക്ടര്‍ നിര്‍ദ്ദേശിച്ച അടിയന്തിര ചികില്‍സ നിരസിച്ച് പിതാവ് വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ ആദിവാസി യുവതിക്ക് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇടപെട്ട് ചികില്‍സ ലഭ്യമാക്കി
