അരനൂറ്റാണ്ടായി മണ്ഡലത്തിന്റെ പ്രധാന ആവശ്യമായിരുന്നു തോട്ടുമുഖം പദ്ധതി. വരന്തരപ്പിള്ളി, അളഗപ്പനഗര്‍, തൃക്കൂര്‍, പുതുക്കാട്, നെന്മണിക്കര പഞ്ചായത്തുകളിലെ കാര്‍ഷിക ജലസമൃദ്ധി ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. ഈ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം ഇല്ലാതാക്കുന്നതിനും കാര്‍ഷീകോത്പാദനം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യം വെച്ചുകൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തത്. 18 കോടി രൂപ ചെലവഴിച്ചാണ് ഈ ബൃഹത് പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചിരിക്കുന്നത്. 5 പഞ്ചായത്തുകളിലെ പതിനായിരകണക്കിനു വരുന്ന സാധാരണക്കാരുടെ കാലങ്ങളായുള്ള ജീവിതാവശ്യമാണ് ഇതോടെ സാക്ഷാത്കരിക്കുന്നത്. ആദ്യഘട്ടത്തില്‍ തൃക്കൂര്‍, അളഗപ്പനഗര്‍ പഞ്ചായത്തുകള്‍ക്കാണ് പദ്ധതി ഉപകാരപ്രദമാകുക. കൊടകര മണ്ഡലത്തിന്റെ ഭാഗമായിരുന്ന കാലത്ത് എംഎല്‍എയായിരുന്ന കെ.പി.വിശ്വനാഥനാണ് തോട്ടുമുഖം പദ്ധതിക്ക് ഭരണാനുമതി വാങ്ങി നിര്‍മാണം ആരംഭിച്ചത്. വരന്തരപ്പിള്ളി പൊലിസ് സ്‌റ്റേഷനുസമീപമുള്ള കുറുമാലിപ്പുഴയിലെ തോട്ടുമുഖത്ത് പമ്പ് ഹൗസ് സ്ഥാപിച്ച് അവിടെനിന്നും പമ്പ് ചെയ്യുന്ന വെള്ളം 700 എംഎം പൈപ്പ് വഴി 2.5 കിലോമീറ്റര്‍ ദൂരത്തുള്ള അളഗപ്പനഗര്‍ പഞ്ചായത്തിലെ വേപ്പൂരില്‍ എത്തിച്ച് ഇറിഗേഷന്‍ കനാലിലൂടെ അളഗപ്പനഗര്‍, തൃക്കൂര്‍ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലേയ്ക്ക് ജലവിതരണം നടത്തുകയായിരുന്നു പദ്ധതിയുടെ ആദ്യഘട്ടത്തിലെ ലക്ഷ്യം. പീച്ചിയിലെ ഇടതുകര കനാല്‍ വെള്ളത്തെ മാത്രം ആശ്രയിക്കുന്ന പ്രദേശത്തെ കര്‍ഷകര്‍ക്ക് കുറുമാലിപ്പുഴയില്‍ നിന്നും ലഭ്യമാകുന്ന ജലം വലിയ ആശ്വാസമേകും. പീച്ചിയില്‍ നിന്ന് യഥാസമയം കനാല്‍ വെള്ളം ലഭിക്കാതെ കൃഷിയുണങ്ങുന്ന സംഭവങ്ങള്‍ ഇല്ലാതാക്കാനും തോട്ടുമുഖം പദ്ധതിക്കൊണ്ട് സാധ്യമാകും ഇവയെല്ലാം മുന്‍പില്‍ കണ്ട് കെ.പി. വിശ്വനാഥന്‍ മുന്നിട്ടിറങ്ങിയാണ് പദ്ധതി ആരംഭിച്ചത്. നിര്‍മാണം ആരംഭിച്ചത് അധികംതാമസിയാതെ തന്നെ സാങ്കേതികവിഷയങ്ങള്‍ ഉന്നയിച്ച് കരാറുകാരന്‍ പിന്‍വാങ്ങുന്ന അവസ്ഥയുണ്ടായി. 10 വര്‍ഷത്തോളം മുടങ്ങി കിടന്ന പദ്ധതി സി. രവീന്ദ്രനാഥ് എംഎല്‍എ ആയിരിക്കെ വീണ്ടും തുടങ്ങി. പിന്നെയും ഉണ്ടായ തടസ്സങ്ങള്‍ നീക്കി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് തീവ്രശ്രമം നടത്തിയാണ് നിര്‍മാണം പൂര്‍ത്തീകരിക്കുന്നത്. നിര്‍മാണോദ്ഘാടനം കഴിഞ്ഞ് 18 വര്‍ഷങ്ങള്‍ക്കുശേഷമാണ് പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനത്തിന് ഒരുങ്ങുന്നത്. അനുമതി ലഭിച്ച് രണ്ട് ദശാബ്ദത്തോടടുക്കുന്ന തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഒട്ടേറെ പ്രതിസന്ധികളെ മറികടന്നു കൊണ്ടാണ് ഒന്നാംഘട്ട പൂര്‍ത്തീകരണത്തിലെത്തിയത്. പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ പമ്പ് ഹൗസ് നിര്‍മ്മാണങ്ങള്‍, മോട്ടോറുകള് സ്ഥാപിക്കല്‍, പൈപ്പ് ഇടല്‍, അക്വഡക്ട് നിര്‍മ്മാണം, കോണ്‍ക്രീറ്റ് കനാല്‍ ലൈനിങ്ങ് തുടങ്ങിയവയും ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ പ്രവൃത്തികളും പൂര്‍ത്തീകരിച്ചു.
പുതുക്കാട് മണ്ഡലത്തിന്റെ സ്വപ്ന പദ്ധതിയായ തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ദീര്‍ഘനാളത്തെ കാത്തിരിപ്പിനുശേഷം യാഥാര്‍ത്ഥ്യമാകുന്നു
