കഴിഞ്ഞദിവസം 3 പേര്‍ക്ക് കൂടി കടിയേറ്റു.പറപ്പൂക്കര പള്ളി സ്റ്റോപ്പിലും ആശുപത്രി പരിസരത്തുമാണ് തെരുവുനായ ഭീതി വിതച്ചത്. പ്രദേശത്തുള്ള മെഡിക്കല്‍ഷോപ്പിലേക്ക് പോകുംവഴി പറപ്പൂക്കര സ്വദേശി ഇളയത് മുരളിയെയാണ് തെരുവുനായ ആക്രമിച്ചത്. കലങ്കോട് വേണുവിനും ജോയല്‍ സ്‌റ്റോഴ്‌സ് ഉടമ ജിബിയുടെ മകന്‍ ജോയലിനും കടിയേറ്റു. ഇളയത് മുരളിയെ ജോയല്‍ സ്‌റ്റോഴ്‌സ് ഉടമ ജിബി, നായയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനിടയിലായിരുന്നു കടയിലേക്ക് പാഞ്ഞുകയറി കടയുടമയുടെ 14 വയസുകാരനായ മകനെ നായ കടിച്ചത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രദേശത്ത് ഏറെ നേരം തെരുവുനായ നിലയുറപ്പിച്ചു. പരുക്കേറ്റവര്‍ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. പ്രദേശത്ത് 20 ഓളം തെരുവുനായകളാണ് അലഞ്ഞുതിരിയുന്നത്. ഇവ ആക്രമണകാരികളായതോടെ വഴിയാത്രക്കാര്‍ ഏറെ ഭീതിയിലാണ് ഇതുവഴി കടന്നു പോകുന്നത്. സ്‌കൂളുകളും ആശുപത്രിയും ബാങ്കും ആരാധനാലയങ്ങളും പ്രദേശത്ത് സ്ഥിതി ചെയ്യുന്നുണ്ട്. വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ അയക്കാന്‍ പോലും മാതാപിതാക്കള്‍ ഭയക്കുകയാണ്. തെരുവുനായകള്‍ക്ക് മാംസാവിഷ്ടങ്ങള്‍ എത്തിക്കുന്ന സംഘം ഇവിടെ ഉണ്ടെന്നും അന്യസ്ഥലങ്ങളില്‍ നിന്നും പോലും നായകള്‍ എത്തി ഇവിടെ താവളമാക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. നായകള്‍ക്ക് മാംസാവശിഷ്ടങ്ങള്‍ നല്‍കുന്ന സംഘത്തിനെ ഈ പ്രവര്‍ത്തിയില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ ഭീഷണിപ്പെടുത്തിയതായും പ്രദേശവാസികള്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് നെടുമ്പാളില്‍ ആയിരത്തോളം ഇറച്ചിക്കോഴികളെ തെരുവുനായ്ക്കള്‍ കൂട്ടമായി എത്തി കൊന്നിരുന്നു. തെരുവുനായ്ക്കളുടെ ശല്യത്താല്‍ പൊറുതിമുട്ടിയിരിക്കുകയാണ് പറപ്പൂക്കരയിലെ ജനം. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കമെന്ന ആവശ്യവും ഉയരുന്നുണ്ട്.
പറപ്പൂക്കരയില്‍ തെരുവുനായ ശല്യം രൂക്ഷം
