ജില്ലാ പഞ്ചായത്ത് തദ്ദേശസമേതം എന്ന പരിപാടിയുടെ ഭാഗമായാണ് കുട്ടികളുടെ പാര്‍ലമെന്റ് മുരിയാട് ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നത്. കുട്ടികള്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ 12 ല്‍പരം ആവശ്യങ്ങളാണ് ഉടന്‍തന്നെ അംഗീകരിക്കപ്പെട്ടത്. എല്ലാ എയ്ഡഡ് വിദ്യാലയങ്ങളിലും ടോയ്‌ലറ്റ് ബ്ലോക്കുകള്‍, പത്തിടങ്ങളില്‍ ബോട്ടില്‍ ബൂത്ത്, എല്ലാ എയ്ഡഡ് വിദ്യാലയങ്ങളിലും മാലിന്യ ശേഖരണ സംവിധാനം, പഞ്ചായത്തടിസ്ഥാനത്തില്‍ സെല്‍ഫ് ഡിഫന്‍സ്, ഫുട്‌ബോള്‍, ചെസ്സ്, നീന്തല്‍, കലാ പരിശീലനം, വിദ്യാലയങ്ങളില്‍ കുട്ടി പച്ചക്കറി തോട്ടം, വലിച്ചെറിയല്‍ വിമുക്ത തെരുവുകള്‍ക്ക് ഡിജിറ്റല്‍ ട്രാക്കിംഗ് സംവിധാനം, വിദ്യാലയങ്ങള്‍ തോറും ആരോഗ്യ സദസ്സുകള്‍ ലഹരി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് പഞ്ചായത്ത് അംഗീകരിക്കപ്പെട്ട പദ്ധതികള്‍. ഏകദേശം 50 ലക്ഷം രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്. കൂടാതെ റോഡുകള്‍ സമയ ബന്ധിതമായി റിപ്പയര്‍ ചെയ്യുമെന്നും അറിയിച്ചു. പ്രഖ്യാപിച്ച പരിപാടികള്‍ ഫെബ്രുവരി 3 മുതല്‍ ആരംഭിക്കകയും ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കുട്ടികള്‍ക്ക് ഉറപ്പുനല്‍കി. മറ്റ് പത്തോളം നിര്‍ദ്ദേശങ്ങള്‍ പഠിച്ചതിനു ശേഷം പരിഗണിക്കാമെന്നും കുട്ടികളെ അറിയിച്ചു. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനുവേണ്ടി അവരുടെ ആവശ്യങ്ങള്‍, അഭിപ്രായങ്ങള്‍, പദ്ധതികള്‍ എന്നിവ കൂട്ടായ ചര്‍ച്ചയിലൂടെ കണ്ടെത്തി ത്രിതല പഞ്ചായത്തിന്റെ മുമ്പാകെ അവതരിപ്പിക്കുന്ന ജനാധിപത്യ പരിപാടിയില്‍ മുരിയാട് പഞ്ചായത്തിലെ 17 വാര്‍ഡുകളില്‍ നിന്നായി കുട്ടികളും അധ്യാപകരും ജനപ്രതിനിധികളും പങ്കെടുത്തു. കോര്‍ഡിനേറ്റര്‍ സാഹിബ പി.എസ് പദ്ധതി വിശദീകരണം നടത്തി. യോഗം ജില്ലാ തല കലോത്സവ ജേതാവ് കെ.ജി. ഗൗരികൃഷ്ണ ഉദ്ഘാടനം ചെയ്തു. എ.ജി. ഗായത്രി അധ്യക്ഷയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ സരിത സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.യു വിജയന്‍, തോമാസ് തൊകലത്ത്, എ.എസ്. സുനില്‍കുമാര്‍, ശ്രീജിത്ത് പട്ടത്ത്, സേവ്യര്‍ ആളൂക്കാരന്‍, വിദ്യാര്‍ത്ഥി പ്രതിനിധികളായ കെ.ജെ. ആര്‍ദ്ര, കെ.ബി. മിഖ എന്നിവര്‍ പ്രസംഗിച്ചു.
മുരിയാട് പഞ്ചായത്തിലെ കുട്ടികളുടെ പാര്‍ലമെന്റില്‍ ഉയര്‍ന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി 50 ലക്ഷത്തിലധികം രൂപയുടെ പദ്ധതികള്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പ്രഖ്യാപിച്ചു
