ഫെബ്രുവരി 9 ന് പന്ത്രണ്ട് വര്‍ഷം പൂര്‍ത്തീകരിക്കുന്ന പാലിയേക്കര ടോള്‍ കരാര്‍ കമ്പനിയെ കരാറില്‍ നിന്നും പുറത്താക്കാനുള്ള എന്‍ എച്ച് എ ഐ നടപടിക്കെതിരെ ആര്‍ബിട്രേഷന്‍ ട്രിബൂണലില്‍ നിലവിലുള്ള കേസില്‍ സംസ്ഥാന സര്‍ക്കാരിനെ ട്രിബൂണല്‍ സ്വമേധയാ കക്ഷി ചേര്‍ത്തതിനെതിരെ ഹൈക്കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി വിചിത്രവും ദുരൂഹവുമാണെന്ന് ഡി സി സി വൈസ് പ്രസിഡഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു.തനിക്ക് ലഭിച്ച വിവരാവകാശ രേഖകള്‍ പ്രകാരമാണ് എന്‍ എച്ച് എ ഐ ഈ വിവരം വ്യക്തമാക്കിയത്. നിരന്തരമായ ക്രമക്കേടും ലംഘനവും നടത്തിയതിനെതിരെ വര്‍ഷങ്ങളായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് എന്‍ എച്ച് എ ഐ നടപടി സ്വീകരിച്ചത്, ഈ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷി ചേര്‍ന്ന് കമ്പനിയെ പുറത്താക്കാനുള്ള നീക്കങ്ങള്‍ നടത്തണമെന്ന് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടിരുന്ന സാഹചര്യത്തില്‍ കക്ഷി ചേര്‍ക്കപ്പെട്ടതിനെതിരെ എന്തുകൊണ്ടാണ് സര്‍ക്കാര്‍ ബഹു ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കണമെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു. കരാറില്‍ ഉള്ള കക്ഷികള്‍ക്ക് മാത്രമാണ് ട്രിബൂണലില്‍ കക്ഷിയാകാന്‍ സാധിക്കു എന്നിരിക്കെ കേസില്‍ കക്ഷി ചേര്‍ന്ന് കമ്പനിയെ പുറത്താക്കാനുള്ള അവസരം ഉപയോഗിക്കാതെ കമ്പനിയെ സഹായിക്കുന്ന നിലപാടണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനെതിരെ ജന പ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതികരിക്കണം. കരാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാതെയും സേഫ്റ്റി ഓഡിറ്റ് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയും പിരിച്ചെടുത്തത് 1316.86 കോടി രൂപയാണെന്ന് തനിക്ക് ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നതായും ജോസഫ് ടാജറ്റ് അറിയിച്ചു. ഇത് 31/12/23വരെയുള്ള കണക്കാണ്. ഫെബ്രുവരി 9വരെ കണക്കാക്കിയാല്‍ 20കോടി രൂപയുടെ സ്വാഭാവിക വര്‍ദ്ധനവ് ഉണ്ടാകും. പ്രതി ദിനം ശരാശരി 39500 വാഹനങ്ങള്‍ ടോള്‍ നല്‍കി കടന്നുപോകുന്നുവെന്നും 5022000/ രൂപ വരുമാനമുണ്ടെന്നും രേഖ വ്യക്തമാക്കുന്നു. ഇത്ര വലിയ കൊള്ള നടത്തുന്ന കരാര്‍ കമ്പനിയെ ടോളില്‍ നിന്ന് പുറത്താക്കുന്നവരെ കോണ്‍ഗ്രസ് ശക്തമായ നിയമ സമര പോരാട്ടം തുടരുമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
പാലിയേക്കര ടോള്‍ പന്ത്രണ്ടാം വര്‍ഷത്തിലേക്ക്. ട്രിബൂണലില്‍ കക്ഷി ചേര്‍ത്തതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നടപടി വിചിത്രമെന്ന് കോണ്‍ഗ്രസ്
