സഹപാഠികളും സുഹൃത്തുക്കളുമായ 11 പേര്‍ ചേര്‍ന്നാണ് 1999 ല്‍ യാത്രകള്‍ക്കായി ഒരു കൂട്ടായ്മ രൂപീകരിച്ചത്. അറിയാത്ത ദേശങ്ങളിലേക്ക് കാണാത്ത കാഴ്ചകള്‍ തേടിയുള്ള യാത്രകള്‍ സംഘടിപ്പിക്കുക എന്നതായിരുന്നു ഈ കൂട്ടായ്മയുടെ ലക്ഷ്യം. ആദ്യ യാത്ര അതിരപ്പിള്ളിയിലേക്കായിരുന്നു. തുടക്കത്തില്‍ പേരില്ലാതിരുന്ന കൂട്ടായ്മക്ക് പതിമൂന്ന് വര്‍ഷം മുമ്പാണ് സഫാരി ക്ലബ് എന്ന് പേരിട്ടത്. ഇന്നിപ്പോള്‍ ഈ കൂട്ടായ്മ ഇരുപത്തഞ്ചാം വര്‍ഷത്തിലെത്തിനില്‍ക്കുമ്പോള്‍ രാജ്യത്തിനകത്തും പുറത്തുമായി നൂറോളം യാത്രകള്‍ ഇവര്‍ പൂര്‍ത്തിയാക്കികഴിഞ്ഞു.കടല്‍ യാത്രയും ആകാശയാത്രയും ആസ്വദിച്ച് കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ ചരിത്രത്തിന്റെ ചിറകടിശബ്ദവും പ്രകൃതിവിസ്മയങ്ങളുടെ മനോഹരകാഴ്ചകളും നിറഞ്ഞ ഒട്ടേറെ നാടുകള്‍ കണ്ടുകഴിഞ്ഞെങ്കിലും ഇവര്‍ക്ക് യാത്രകളോടുള്ള അഭിനിവേശം തെല്ലും കുറഞ്ഞിട്ടില്ല. തായ്‌ലാന്‍ഡിലേക്കും നേപ്പാളിലേക്കുമുള്ള യാത്രകള്‍ക്ക് തയ്യാറെടുക്കുന്ന തിരക്കിലാണ് ഇപ്പോള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ബിസിനസ് രംഗത്തുള്ളവരുമെല്ലാം സഫാരി ക്ലബിലുണ്ട്. എല്ലാവരും മൂന്നുമുറിയിലും പരിസരപ്രദേശങ്ങളിലുമുള്ളവര്‍. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ മടങ്ങിയെത്തുന്ന സഹപാഠികളേയും സഫാരി യാത്രകളില്‍ ചേര്‍ത്തു പിടിക്കുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നന്മയുടെ നിറവാര്‍്ന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങളും സഫാരി നടത്തിവരുന്നുണ്ട്. തുടക്കത്തില്‍ പ്രതിവര്‍ഷം ഒന്നോ രണ്ടോ യാത്രകള്‍ നടത്തിവന്ന കൂട്ടായ്മ ഇപ്പോള്‍ എല്ലാവര്‍ഷവും കുറഞ്ഞത് ആറു യാത്രകള്‍ സംഘടിപ്പിക്കുന്നു. ഇതില്‍ രണ്ടു യാത്രകള്‍ കുടുംബാംഗങ്ങളോടൊപ്പമായിരിക്കും. കോവിഡ് കാലത്ത് മാത്രമാണ് ഇവരുടെ യാത്രകള്‍ക്ക് നീണ്ട ഇടവേളയുണ്ടായത്. ആരോഗ്യം അനുവദിക്കുന്നിടത്തോളം യാത്രകള്‍ തുടരാനാണ് സഫാരിയുടെ തീരുമാനം.
തൊണ്ണൂറുകളില്‍ മറ്റത്തൂരിലെ മൂന്നുമുറിയില്‍ ഒരു കൂട്ടം ചേര്‍ന്ന് രൂപം നല്‍കിയ സഞ്ചാരികളുടെ കൂട്ടായ്മക്ക് 25 വയസു തികയുന്നു
