ജൂബിലി വര്‍ഷത്തിന് തുടക്കം കുറിച്ച് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അമ്പത് കിലോ തൂക്കമുള്ള മെഴുകുതിരി തെളിയിച്ചു. ഇരിങ്ങാലക്കുട രൂപതയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തീര്‍ഥാടന കേന്ദ്രമായ താഴേക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ നിന്ന് വികാരി ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ തെളിയിച്ചു നല്‍കിയ ദീപശിഖ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് കൊടുങ്ങയിലെത്തിയത്. കൊടുങ്ങ ആശാന്‍പടി ജങ്ഷനില്‍ നിന്ന് പേപ്പല്‍ പതാകകള്‍ ഏന്തിയ കുട്ടികളുടെയും യൂണിഫോം അണിഞ്ഞ അമ്മമാരുടെയും അകമ്പടിയോടെ ദീപശിഖ റാലിയെ പള്ളിയിലേക്ക് സ്വീകരിച്ചു. ജൂബിലി വര്‍ഷ കണ്‍വീനര്‍മാരില്‍ നിന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ ദീപശിഖ ഏറ്റുവാങ്ങി അള്‍ത്താരയില്‍ പ്രതിഷ്ഠിച്ച ജൂബിലി മെഴുകുതിരി തെളിയിച്ചു. വികാരി ഫാ. ഷിബു നെല്ലിശ്ശേരി, മുന്‍ വികാരിമാര്‍, ഇടവകയില്‍ നിന്നുള്ള വൈദികര്‍, കൈക്കാരന്മാരായ സജി പുത്തന്‍പുരയില്‍, പോള്‍സണ്‍ പാലിയങ്കര, ജയ്‌സണ്‍ വടക്കുഞ്ചേരി, ജൂബിലി ആഘോഷ കമ്മിറ്റി കണ്‍വീനര്‍മാരായ പോള്‍ദാസ് കിഴക്കേപീടിക, ഷാജു പള്ളിപ്പുറത്തുകാരന്‍, ഷാന്റോ മഞ്ഞളി തുടങ്ങിയവര്‍ സന്നിഹിതരായി. തുടര്‍ന്ന് ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി അര്‍പ്പണവും സ്‌നേഹവിരുന്നും ഉണ്ടായി.
കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയുടെ ഒരു വര്‍ഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
