nctv news pudukkad

അളഗപ്പനഗറിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയെന്ന് സംശയം, മകൻ കസ്റ്റഡിയിൽ

അളഗപ്പനഗര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് പയ്യാക്കരയില്‍ വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുള്ളതായി സംശയം. മേച്ചേരി വീട്ടില്‍ 75 വയസ്സുള്ള എല്‍സിയാണ് മരിച്ചത്. മരിച്ച എല്‍സിയുടെ ഭര്‍ത്താവ് വര്‍ഗീസിന്റെ സഹോദരി മല്‍പ്പാന്‍ വീട്ടില്‍ ആനിയുടെ വീട്ടിലാണ് രണ്ടുവര്‍ഷത്തോളമായി എല്‍സിയും മകന്‍ ബിനോയിയും താമസിച്ചിരുന്നത്. ആനിയും മകന്‍ നിജോയും കഴിഞ്ഞ ശനിയാഴ്ച മുതല്‍ മാളയില്‍ ധ്യാനത്തിന് പോയിരിക്കുകയായിരുന്നു. എല്‍സിയും മകന്‍ ബിനോയിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

ചൊവ്വാഴ്ച രാവിലെ വീടിനുള്ളില്‍ ആളനക്കം കാണാത്തതിനെത്തുടര്‍ന്ന് അയല്‍വാസി വന്നു നോക്കിയപ്പോഴാണ് എല്‍സിയെ മരിച്ചു നിലയില്‍ കണ്ടെത്തിയത്. ഹാളില്‍ അടുക്കള വാതിലിന് സമീപത്തായി നിലത്ത് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന്റെ തലയില്‍ ചെറിയ മുറിവുള്ളതായി പൊലീസ് പറഞ്ഞു. ഈ സമയത്ത് വീടിനുള്ളില്‍ മദ്യപിച്ച നിലയിലായിരുന്നു മകന്‍ ബിനോയി. അയല്‍വാസികള്‍ വന്നപ്പോഴാണ് സംഭവം അറിഞ്ഞതെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ബിനോയിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

എസ് ഐ ഇ.എ സുരേഷിന്റെ നേതൃത്വത്തില്‍ വരന്തരപ്പിള്ളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഫോറെന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *