സംസ്ഥാന എക്‌സൈസ് വകുപ്പ് നടപ്പിലാക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ്, ബോധവല്‍ക്കരണം, ഡിഅഡിക്ഷന്‍, റിഹാബിലിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വിമുക്തി കേന്ദ്രങ്ങള്‍ നവീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
സംസ്ഥാനത്തെ 14 വിമുക്തി കേന്ദ്രങ്ങള്‍ നവീകരിക്കുന്നതിനും പുതിയ വിമുക്തി ഡിഅഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിമുക്തി കേന്ദ്രങ്ങളുടെ നവീകരണത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് നിയോഗിച്ച സംസ്ഥാന ജോയിന്റ് ലേബര്‍ കമ്മീഷണര്‍ എം. സജീന സംസ്ഥാനത്തെ വിവിധ വിമുക്തി കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായിട്ടാണ് തൃശ്ശൂരിലെത്തിയത്.
തുടര്‍ന്ന് ജില്ലാ മാനസികാരോഗ്യ കേന്ദ്രവും കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ മേഖലയിലെ പ്രധാന ഡി അഡിക്ഷന്‍, റിഹാബിലിറ്റേഷന്‍ കേന്ദ്രമായ ഇരിഞ്ഞാലക്കുട റേഞ്ചിലെ ചിറ്റിശ്ശേരിയിലുള്ള ഓറ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ക്യാമ്പസും സന്ദര്‍ശിച്ചു. ഏകദേശം 16,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന പുതിയ കെട്ടിടവും സന്ദര്‍ശിച്ച എം. സജീന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കുട്ടികള്‍ക്കായി ഓറ നടത്തുന്ന ഡിഅഡിക്ഷന്‍, പുനരധിവാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അധികൃതരില്‍ നിന്ന് വിശദമായി ചോദിച്ചറിഞ്ഞു. തുടര്‍ന്ന് വിവിധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചയും നടത്തി.
ഓറ സെക്രട്ടറി സിസ്റ്റര്‍ ജീസ് തെരസ്, സിസ്റ്റര്‍ ഫില്‍ന, ചാലക്കുടി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.കെ. രാജു എന്നിവര്‍ സന്നിഹിതരായിരുന്നു.






