പുതുക്കാട് റേയില്‍വെ മേല്‍പ്പാലം നിര്‍മാണത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ പ്രചാരണ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാഴായിയില്‍ നടന്ന പുതുക്കാട് റെയില്‍വെ ഓവര്‍ബ്രിഡ്ജ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരണ യോഗം തീരുമാനിച്ചു.
അപ്രോച്ച് റോഡിനാവശ്യമായ സ്ഥലം ഏറ്റെടുത്ത് നാല് വര്‍ഷം പിന്നിട്ടിട്ടും മേല്‍പ്പാല നിര്‍മാണം നിരന്തരം തടസപ്പെടുന്നതില്‍ കണ്‍വെന്‍ഷന്‍ ആശങ്ക രേഖപ്പെടുത്തി. ട്രെയിനുകളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസൃതമായി പുതുക്കാട് റെയില്‍വേ ഗേറ്റ് അടച്ചിടുന്നതിന്റെ ദൈര്‍ഘ്യവും വര്‍ദ്ധിക്കുന്നതിനാല്‍ പാഴായി, ചെറുവാള്‍, കടലശ്ശേരി പരിസങ്ങളിലെ ജനങ്ങളുടെ സഞ്ചാര അവകാശവും കൂടുതല്‍ പരിമിതപ്പെട്ടു. കുറഞ്ഞത് മൂന്ന് മാസമെങ്കിലും എടുക്കുന്ന, പാളത്തിന്റെ സ്ലീപ്പറുകള്‍ മാറ്റി സ്ഥാപിക്കുന്ന ജോലികള്‍ കൂടി ഇപ്പോള്‍ ആരംഭിച്ചതോടെ, പുതുക്കാട് റെയില്‍വേ ഗേറ്റ് തുറന്ന് കിടക്കുന്നതിനേക്കാള്‍ കൂടുതല്‍ അടച്ചിടുന്ന സ്ഥിതിയിലായി. ഇത്തരമൊരു പശ്ചാത്തലത്തില്‍, പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്ന ജനപ്രതിനിധികളെ സഹായിക്കുന്ന വിധത്തിലുള്ള ജനകീയ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടു വരാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 10ന് വൈകീട്ട് 4മണിക്ക് പാഴായി സെന്ററില്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ‘ജനകീയ പ്രതിഷേധ സായാഹ്നം’ സംഘടിപ്പിക്കും.
കെ.സി. കാര്‍ത്തികേയന്‍ (പ്രസിഡന്റ്), ഇ.വി. അരുണ്‍ദാസ്(സെക്രട്ടറി) കെ.പി. പോള്‍സണ്‍ (ട്രഷറര്‍)എന്നിവര്‍ ഭാരവാഹികളായി മുപ്പത്തിയൊന്ന് അംഗ കമ്മിറ്റിയെ കണ്‍വെന്‍ഷന്‍ തെരഞ്ഞെടുത്തു.
കെ.സി. കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.ജി. മോഹനന്‍, കെ.പി. പോള്‍സണ്‍, വി.വി. സുരേന്ദ്രന്‍, ഇ.വി. അരുണ്‍ദാസ്, സി.എന്‍. അനില്‍കുമാര്‍, കെ.വി. ആനന്ദ്കുമാര്‍, കെ.കെ. സുരേന്ദ്രന്‍, വി.വി. അനില്‍കുമാര്‍, എം.ആര്‍. സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.






