പാലപ്പിള്ളി കുണ്ടായി ഹാരിസണ്‍ എസ്‌റ്റേറ്റിലെ വനിതാ വാച്ചറുടെ ആത്മഹത്യയില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം. ഹാരിസണ്‍ ഓഫീസിന്റെ ജനലുകള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തു. വനിതാ വാച്ചറുടെ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഡിവൈഎഫ്‌ഐ രംഗത്ത് എത്തിയത്.
ബുധനാഴ്ച രാവിലെ ഡിവൈഎഫ്‌ഐ കൊടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടികള്‍. പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചുവെങ്കിലും മുദ്രാവാക്യം വിളികളോടെ പ്രകടനമായെത്തിയ പ്രവര്‍ത്തര്‍ ബാരിക്കേഡ് മറികടന്ന് ഹാരിസണ്‍ ഓഫീസില്‍ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. തടയാനെത്തിയ പൊലീസുമായി പ്രവര്‍ത്തകര്‍ ഉന്തും തള്ളും ഉണ്ടായി. തുടര്‍ന്ന് പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനു പുതിയമഠം, ഡിവൈഎഫ്‌ഐ കൊടകര ബ്ലോക്ക് സെക്രട്ടറി പി.എന്‍. വിഷ്ണു, ബ്ലോക്ക് പ്രസിഡന്റ് അഖില്‍ ബാബു എന്നിവര്‍ അറസ്റ്റിലായി. പാലപ്പിള്ളി ഹാരിസണ്‍ എസ്‌റ്റേറ്റിലെ വനിതാ വാച്ചര്‍ ചെമ്പുച്ചിറ ഊട്ടുപുരത്ത് മഞ്ജുഷ ആണ് തിങ്കളാഴ്ച വൈകിട്ട് മരിച്ചത്. തൊഴില്‍ പീഡനം മൂലം ജീവനൊടുക്കുന്നു എന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു.






