nctv news pudukkad

ഭാവതീവ്രമായ അഭിനയത്തിലൂടെ വിസ്മയിപ്പിച്ച മഹാനടൻ മധുവിന് പിറന്നാൾ ആശംസകൾ

മലയാള സിനിമയുടെ കാരണവർ മധുവിന് ഇന്ന് 93-ാം പിറന്നാൾ. വിശേഷണങ്ങൾക്കതീതനായ അടിമുടി സിനിമാക്കാരനാണ് മധു. മലയാള സിനിമയുടെ ശൈശവദശയിൽ തന്നെ ആ യാത്രയുടെ ഭാഗമായ അദ്ദേഹം ഇന്ന് വിശ്രമജീവിതത്തിലാണ്.

മലയാളിയുടെ ഹൃദയതന്ത്രികളിൽ അനുരാഗത്തിന്റെയും വിരഹത്തിന്റെയും മധുരനൊമ്പരങ്ങൾ മീട്ടിയ മഹാനടനാണ് മധു. ഭാവതീവ്രമായ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം മലയാള ചലച്ചിത്രലോകത്തെ കാരണവരായി മാറിയത്. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് കോളേജ് അധ്യാപകന്റെ റോളിൽ നിന്ന് മധുവിനെ സ്കൂൾ ഓഫ് ഡ്രാമയിലേക്കെത്തിച്ചത്.

നസീറും സത്യനും വെള്ളിത്തിരയിൽ നിറഞ്ഞുനിന്ന കാലത്താണ് മധു മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. എം. എൻ. പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാൽപ്പാടുകൾ ആയിരുന്നു ആദ്യചിത്രം. ചെമ്മീനിലെ പരീക്കുട്ടി, ഭാർഗവീനിലയത്തിലെ സാഹിത്യകാരൻ, സ്വയംവരത്തിലെ വിശ്വം തുടങ്ങി നിരവധി കഥാപാത്രങ്ങളിലൂടെ മധു തന്റെ അഭിനയപാടവം തെളിയിച്ചു.

ഓളവും തീരവും, ഉമ്മാച്ചു, ഇതാ ഇവിടെവരെ, ഏണിപ്പടികൾ, ഒറ്റയടിപ്പാതകൾ, നാടുവാഴികൾ, സ്പിരിറ്റ് തുടങ്ങിയ കലാമൂല്യമുള്ള ചിത്രങ്ങളിലും കച്ചവടവിജയ ചിത്രങ്ങളിലും നായകനായും സഹനടനായും വില്ലനായുമെല്ലാം മധു തിളങ്ങി.

അമിതാഭ് ബച്ചന്റെ അരങ്ങേറ്റ ചിത്രമായ സാത്ത് ഹിന്ദുസ്ഥാനിയിലും മധു സുപ്രധാന വേഷം കൈകാര്യം ചെയ്തു. പന്ത്രണ്ടോളം സിനിമകൾ സംവിധാനം ചെയ്ത അദ്ദേഹം പതിനാറോളം ചിത്രങ്ങൾ നിർമിക്കുകയും ചെയ്തു. ടെലിവിഷൻ പരമ്പരകളിലും നിറസാന്നിധ്യമായിരുന്ന മധുവിന് ജെ. സി. ഡാനിയേൽ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ചലച്ചിത്രമേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് രാജ്യം പദ്മശ്രീ നൽകി ആദരിച്ച മഹാനടന് ഇന്ന് 93-ാം പിറന്നാൾ. മലയാള സിനിമയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച മധുവിന് പിറന്നാൾ ആശംസകൾ.

Leave a Comment

Your email address will not be published. Required fields are marked *