റോഡുകളിലും നടപ്പാതകളിലും ഉൾപ്പെടെ പൊതുസ്ഥലങ്ങളിൽ അനധികൃതമായി ബോർഡുകളും ബാനറുകളും സ്ഥാപിക്കുന്നതിന് കടിഞ്ഞാണിടാൻ സംസ്ഥാന സർക്കാർ. അനുമതിയില്ലാതെ സ്ഥാപിക്കുന്ന ഓരോ ബോർഡിനും ബാനറിനും 5,000 രൂപ വീതം പിഴ ചുമത്തും.
റോഡുകൾ, നടപ്പാതകൾ, കൈവരികൾ, സെൻട്രൽ മീഡിയനുകൾ, ട്രാഫിക് ഐലൻഡുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ അനധികൃതമായി ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ സ്ഥാപിക്കാൻ ഇനി അനുവദിക്കില്ല. ഇവ നീക്കം ചെയ്യുന്നതിനുള്ള ചെലവും ഉത്തരവാദികളിൽ നിന്ന് തന്നെ ഈടാക്കും.
അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്നതിലോ പിഴ ഈടാക്കുന്നതിലോ വീഴ്ച വരുത്തിയാൽ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കും ഉത്തരവാദിത്തമുണ്ടാകും. വീഴ്ച വരുത്തിയാൽ ഈടാക്കേണ്ട തുക സെക്രട്ടറിമാരിൽ നിന്ന് വ്യക്തിപരമായി ഈടാക്കാനും നടപടിയുണ്ടാകും.
രാഷ്ട്രീയ പാർട്ടികൾക്കും വിവിധ സംഘടനകൾക്കും ഇളവുണ്ടാകില്ല. അനധികൃത ബോർഡുകളും ബാനറുകളും നീക്കം ചെയ്യാൻ ആവശ്യമായാൽ പൊലീസിന്റെ സഹായം തേടാം. ഗുരുതരമായ സാഹചര്യങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കാനും വ്യവസ്ഥയുണ്ട്.






