മറ്റത്തൂര്‍ പഞ്ചായത്തിലെ മാങ്കുറ്റിപ്പാടത്ത് പുലിയിറങ്ങിയതായി സംശയം. പുലി കൊന്നുതിന്നതായി സംശയിക്കുന്ന നിലയില്‍ വളര്‍ത്തു നായയുടെ ജഡം കണ്ടെത്തി.
മാങ്കുറ്റിപ്പാടം കുറ്റിയറ പൗലോസിന്റെ വളര്‍ത്തു നായയുടെ ജഢമാണ് പാതി തിന്ന നിലയില്‍ കണ്ടെത്തിയത്. വനാതീര്‍ത്തിയോടു ചേര്‍ന്ന റബര്‍തോട്ടത്തിലാണ് ജഡം കണ്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ സമീപപ്രദേശങ്ങളില്‍ ഏതാനും ആടുകളെ ഏതോ ജീവി ആക്രമിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയിരുന്നു. ഈ പ്രദേശത്ത് ഇതുവരെ പുലിയുടെ സാന്നിധ്യം ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. നായയുടെ ജഢത്തില്‍ പുലിയുടെ കടിയേറ്റ തരത്തിലുള്ള അടയാളങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്നാണ് സംശയിക്കുന്നത്. പുലിയെ കണ്ടെത്തുന്നതിന് ക്യാമറ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.






