nctv news pudukkad

യുപിഐ ഇടപാടുകള്‍ക്ക് ചാർജ് ഈടാക്കരുത്; ബാങ്കുകൾക്ക് കര്‍ശന നിര്‍ദേശവുമായി കേന്ദ്രം

ന്യൂഡൽഹി: രണ്ടായിരം രൂപ വരെയുള്ള യുപിഐ, റൂപേ, ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് ബാങ്കുകൾ ചാർജ് ഈടാക്കരുതെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർദേശം.

പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട് 2007-ലെ സെക്ഷൻ 10 എ പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്.

റൂപേ, ഡെബിറ്റ് കാർഡുകൾ, രണ്ടായിരം രൂപ വരെയുള്ള യുപിഐ ഇടപാടുകൾ എന്നിവ ഇലക്ട്രോണിക് മോഡ്‌സ് ഓഫ് പേയ്‌മെന്റായി സർക്കാർ നിശ്ചയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പണം അയക്കുന്നവരിൽ നിന്നോ സ്വീകരിക്കുന്നവരിൽ നിന്നോ നേരിട്ടോ അല്ലാതെയോ യാതൊരു തരത്തിലുള്ള ചാർജും ഈടാക്കരുതെന്നാണ് ബാങ്കുകൾക്ക് നൽകിയിരിക്കുന്ന നിർദേശം.

ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് യുപിഐ സേവനം സൗജന്യമായി തുടരുന്നത് ഉറപ്പാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

കഴിഞ്ഞ മാസം പാർലമെന്റ് പാസാക്കിയ ടാക്‌സേഷൻ ആൻഡ് അദർ ലോസ് അമെൻഡ്‌മെന്റ് ബില്ലിന് പിന്നാലെ യുപിഐ ഇടപാടുകൾക്ക് നിരക്ക് ഏർപ്പെടുത്തിയേക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

അതേസമയം, രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ചാർജ് ഈടാക്കുമോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

യുപിഐ ഇടപാടുകളിൽ മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് അഥവാ എംഡിആർ സംബന്ധിച്ച ചർച്ചകളും ഇതോടെ വീണ്ടും സജീവമായിരിക്കുകയാണ്. എംഡിആർ നടപ്പാക്കിയാൽ ഇടപാടിൽ ഉൾപ്പെട്ട ബാങ്കുകൾക്കും പേയ്‌മെന്റ് സേവനദാതാക്കൾക്കും അതിന്റെ ഒരു വിഹിതം ലഭിക്കും.

എന്നാൽ ഉപഭോക്താക്കളിൽ നിന്നും വ്യക്തികൾ തമ്മിലുള്ള ഇടപാടുകളിൽ നിന്നും ചാർജ് ഈടാക്കില്ലെന്ന കാര്യത്തിൽ കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനം വ്യക്തത നൽകുന്നു.

ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് രാജ്യത്ത് യുപിഐയുടെ ഉപയോഗം കൂടുതൽ വ്യാപകമാക്കുന്നതിനുള്ള നിർണായക നീക്കമായാണ് കേന്ദ്രത്തിന്റെ തീരുമാനം വിലയിരുത്തപ്പെടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *