തൃക്കൂര്‍ മതിക്കുന്നില്‍ മാലിന്യവുമായി എത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു. മാലിന്യം തള്ളിയവര്‍ക്കെതിരെ 25000 രൂപ പിഴയീടാക്കി പഞ്ചായത്ത് ആരോഗ്യവിഭാഗം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ഹോട്ടല്‍ മാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനമാണ് നാട്ടുകാര്‍ തടഞ്ഞത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
മതിക്കുന്നിലെ സ്വകാര്യ വ്യക്തിയുടെ പറമ്പ് ഹോട്ടല്‍ മാലിന്യം തള്ളുന്നതിനായി ഉപയോഗിച്ചുവരികയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മാലിന്യം തള്ളുന്നത് പതിവായതോടെ തെരുവുനായ ശല്യവും രൂക്ഷമായ ദുര്‍ഗന്ധവും നാട്ടുകാര്‍ക്ക് തലവേദനയായി. നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും മാലിന്യം തള്ളുന്നത് തുടര്‍ന്നതോടെയാണ് നാട്ടുകാര്‍ വാഹനം തടഞ്ഞത്. മാലിന്യം മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് തൃക്കൂര്‍ പഞ്ചായത്ത് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടപടി സ്വീകരിക്കുകയും ഇവരില്‍നിന്ന് 25,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് കുമാര്‍, ഹെഡ് ക്ലര്‍ക്ക് ഹരികുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ഐ. ഷെജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.






