nctv news pudukkad

എന്‍സിടിവി ഇംപാക്ട്: കുളിക്കടവ് പുനര്‍നിര്‍മാണത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

എന്‍സിടിവി ഇംപാക്ട്. വരന്തരപ്പിള്ളി പഞ്ചായത്തിലെ തോട്ടുമുഖം പമ്പ് ഹൗസിന് സമീപത്തെ കുളിക്കടവ് പുനര്‍നിര്‍മിക്കണമെന്ന ആവശ്യത്തില്‍ നടപടിയുമായി ഇറിഗേഷന്‍ വകുപ്പ്.

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കെ.ജി. രവീന്ദ്രനാഥ് നല്‍കിയ പരാതിയുടെയും എന്‍.സി.ടി.വി നല്‍കിയ വാര്‍ത്തയെയും തുടര്‍ന്നാണ് ഇരിങ്ങാലക്കുട ഇറിഗേഷന്‍ ഡിവിഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ശരത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയത്. സ്ഥലം അളന്ന് റിപ്പോര്‍ട്ട് തയ്യാറാക്കി ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് കുളിക്കടവിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

2018ലെ മഹാപ്രളയത്തിലാണ് പ്രദേശവാസികളും സന്ദര്‍ശകരും വ്യാപകമായി ഉപയോഗിച്ചിരുന്ന കുളിക്കടവ് മണ്ണുമൂടി നശിച്ചത്. നിലവില്‍ ഉരുളന്‍കല്ലുകള്‍ നിറഞ്ഞ അപകടകരമായ ഭാഗത്താണ് ആളുകള്‍ കുളിക്കാനും നീന്താനും ഇറങ്ങുന്നത്. അതേസമയം, പമ്പ് ഹൗസിന് സമീപം ചാഞ്ഞുനില്‍ക്കുന്ന രണ്ട് കൂറ്റന്‍ മരങ്ങളും അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. മരങ്ങള്‍ മുറിച്ചുമാറ്റി കുളിക്കടവ് പുനസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനത്തിനും അവധി ദിവസങ്ങളില്‍ വിശ്രമിക്കാനും ഉപകാരപ്പെടുന്ന രീതിയില്‍ കുളിക്കടവ് പുനര്‍നിര്‍മിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.

Leave a Comment

Your email address will not be published. Required fields are marked *