nctv news pudukkad

‘ഉത്തമ കമ്മ്യൂണിസ്റ്റ്’; ബേബി ജോൺ മാസ്റ്ററെ അനുസ്മരിച്ച് എം.എ. ബേബി

ജീവിതത്തിലുടനീളം കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഉത്തമ കമ്മ്യൂണിസ്റ്റായിരുന്നു അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും മുതിർന്ന നേതാവുമായ ബേബി ജോൺ മാസ്റ്റർ എന്ന് സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ. ബേബി അനുസ്മരിച്ചു. പൂവത്തൂരിലെ ബേബി ജോൺ മാസ്റ്ററുടെ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലാളിവർഗ പ്രസ്ഥാനത്തിനു വേണ്ടി ജീവിതം മുഴുവൻ നീക്കിവെച്ച വ്യക്തിയാണ് ബേബി ജോൺ മാഷെന്നും പൊതുയോഗങ്ങളിൽ കാര്യങ്ങൾ ആഴത്തിൽ പഠിച്ച് ലളിതമായ പഠനക്ലാസ് പോലെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നുവെന്നും എം.എ. ബേബി അനുസ്മരിച്ചു. കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നുവെന്നും, അദ്ദേഹത്തിന്റെ ജീവിതം പുതിയ തലമുറയ്ക്ക് എന്നും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാര്യ ബെറ്റി ബേബി, സിപിഐഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.വി. ഹരിദാസ്, മണലൂർ ഏരിയ സെക്രട്ടറി പി.എ. രമേശൻ, ചാവക്കാട് ഏരിയ സെക്രട്ടറി ടി.ഡി. ശിവദാസൻ, നഗരസഭ ചെയർമാൻ എച്ച്. അക്ബർ തുടങ്ങിയവരും എം.എ. ബേബിക്കൊപ്പം ഉണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *