(ദൃശ്യം) കാർഷികമേഖല അന്യം നിന്നുപോകുന്ന ഇന്നത്തെ സാഹചര്യത്തിൽ, കൃഷിയുടെ പ്രാധാന്യം തിരിച്ചറിയാനും കർഷകരെ പരിചയപ്പെടാനും ലക്ഷ്യമിട്ട് ആലേങ്ങാട് ശങ്കര യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾ പീച്ചാമ്പിള്ളി പാടത്തിറങ്ങി. സ്കൂൾ പഠനയാത്രയുടെ ഭാഗമായി മണ്ണിന്റെ മക്കളോടൊപ്പം നടത്തിയ ഈ യാത്ര കുട്ടികൾക്കും കാഴ്ചക്കാർക്കും ഒരുപോലെ നവ്യാനുഭവമായി മാറി.
അധ്യാപകരുടെയും പി.ടി.എ പ്രതിനിധികളുടെയും പിന്തുണയോടെ നടന്ന പരിപാടിയിൽ പ്രധാനാധ്യാപിക ശ്രീകല സന്നിഹിതയായിരുന്നു. പാടത്തിറങ്ങിയ വിദ്യാർത്ഥികൾ ഞാറുകൾ ഓരോന്നായി നട്ട് ‘ഞാറുനടൽ’ ഒരു ആഘോഷമാക്കി മാറ്റി. ഒപ്പം മുഴങ്ങി കേട്ട ഞാറ്റുപാട്ടിന്റെ പശ്ചാത്തലം പരിപാടിയെ കൂടുതൽ ധന്യമാക്കി. പി.ടി.എ പ്രസിഡന്റ് സന്തോഷ് കുമാറും ‘തണൽ’ സംഘടനയുടെ പ്രസിഡന്റ് കെ.പി. ജോസും കാർഷികമേഖലയുമായി ബന്ധപ്പെട്ട വിശദീകരണങ്ങളും അറിവുകളും കുട്ടികൾക്ക് പകർന്നുനൽകി. പുത്തൻ അറിവുകൾക്കൊപ്പം നാടൻ കാഴ്ചകളും അനുഭവങ്ങളുമായാണ് കുട്ടികൾ ഈ പഠനയാത്ര പൂർത്തിയാക്കിയത്.






