കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ടയെ വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. മറ്റത്തൂര്‍ അന്നാംപാടം വലിയകത്ത് വീട്ടില്‍ നഹാസ് എന്ന് വിളിക്കുന്ന നവാസിനെ (37) ആണ് വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ റവന്യൂ ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും 2026 മാര്‍ച്ച് 29 മുതല്‍ ആറു മാസത്തേക്ക് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലവിലുണ്ടായിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് ജൂലൈ 28ന് കോടാലി ഓവുങ്ങല്‍ എന്ന സ്ഥലത്ത് പ്രവേശിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ഏപ്രില്‍ 20നും കാപ്പ ഉത്തരവ് ലംഘിച്ച് കോടാലിയില്‍ പ്രവേശിച്ചതിന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് നവാസ് വീണ്ടും ഉത്തരവ് ലംഘിച്ച് ജില്ലയില്‍ കടന്നത്. നവാസ് ഇരിങ്ങാലക്കുട, കൊടകര, വെളളിക്കുളങ്ങര പൊലീസ് സ്‌റ്റേഷനുകളിലായി മൂന്ന് വധശ്രമകേസിലും ഒരു കവര്‍ച്ച കേസിലും മൂന്ന് അടി പിടികേസിലും ലഹരിക്കടിമപ്പെട്ട് പൊതുസ്ഥലത്ത് ജനങ്ങള്‍ക്ക് ശല്യമുണ്ടാക്കിയ ഒരു കേസിലും ലഹരി ഉപയോഗിച്ച ഒരു കേസിലും സ്ത്രീയെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച ഒരു കേസിലും ഒരു തട്ടിപ്പ് കേസിലും കാപ്പ ഉത്തരവ് ലംഘിച്ച കേസിലും അടക്കം 16 ക്രിമിനല്‍ കേസിലെ പ്രതിയാണ്. വെള്ളികുളങ്ങര പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ. ഷബാബ്, ജി എസ് സി പി ഒ ബിജീഷ് സ്റ്റീഫന്‍, സിപിഒ മാരായ അലക്‌സ് അഗസ്റ്റി, അഖില്‍, ഹോംഗാര്‍ഡ് പ്രദീപ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.






